തെരുവ് നായ കുരച്ചുകൊണ്ട് പിന്തുടര്‍ന്നു; മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ ഭയന്ന് റോഡില്‍ തലയിടിച്ച് വീണ് മരിച്ചു
കുന്നംകുളം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ തെരുവ് നായ കുരച്ച് പിന്തുടരുന്നത് കണ്ട് ഭയന്ന് റോഡില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അക്കിക്കാവ് ചിന്‍ഡ്രന്‍സ് നഗര്‍ ഇതുക്കരയില്‍ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ശകുന്തള(58) ആണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് മകനൊപ്പം ബൈക്കില്‍ പോവുന്നതിന് ഇടയിലാണ് നായ കുരച്ചുകൊണ്ട് പിന്തുടര്‍ന്നത്. ഇതുകണ്ട് ഭയന്ന ശകുന്തള റോഡില്‍ തലയടിച്ചു വീഴുകയായിരിന്നു.
ബുധനാഴ്ച രാവിലെ 7.30ടെ കാണിപ്പയ്യൂര്‍ മാന്തോപ്പിലേക്ക് പോകുന്നതിനിടയില്‍ കല്ലഴിക്കുന്ന് നരിമടയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. റോഡില്‍ കിടക്കുകയായിരുന്നു തെരുവ് നായ കൂട്ടം ബൈക്ക് വരുന്നത് കണ്ടതോടെ കുരയ്ക്കാന്‍ തുടങ്ങി. ഇതില്‍ ഒരു നായ ബൈക്കിന് പിന്നാലെ ഓടി.
നായ ഓടിവരുന്നത് കണ്ട ഭയത്താല്‍ പിടിവിട്ടുപോയ ശകുന്തള റോഡില്‍ വീണു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം റോയല്‍ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മരിച്ചു.