ആശിച്ച് വാങ്ങിയ സ്‌കൂട്ടറുമായി അജിത പോയത് മരണത്തിലേക്ക്; തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം
തിരുവനന്തപുരം: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി ദാരുണാന്ത്യം. മണക്കാട് ഭഗവതിവിലാസം രഞ്ജിത്തിന്റെ ഭാര്യ അജിത (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ജഗതിക്കു സമീപം ഇടപ്പഴഞ്ഞിയിലാണ് അപകടം ഉണ്ടായത്. നേമത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന അജിത വീട്ടിലേക്കു മടങ്ങവേയാണ് അപകടമുണ്ടായത്. ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയെ മറികടക്കവേ ബാലന്‍സ് തെറ്റി സ്‌കൂട്ടര്‍ മറിഞ്ഞു. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കടിയിലേക്കാണ് അജിത വീണത്.
കഴിഞ്ഞദിവസം വാങ്ങിയ പുതിയ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. അജിതയുടെ പേരിലുള്ള ലേണേഴ്‌സ് ലൈസന്‍സിന്റെ പകര്‍പ്പ് സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌കൂട്ടറിന്റെ റിയര്‍വ്യൂ മിററില്‍ ലോറിയുടെ പിന്‍ഭാഗം തട്ടിയതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
പത്ത് ചക്രങ്ങളുള്ള മള്‍ട്ടി ആക്‌സില്‍ ലോറിയാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹനയാത്രക്കാരും മറ്റും ടയറിനടിയിലേക്കു വീഴുന്നത് ഒഴിവാക്കാന്‍ ലോറിയുടെ വശത്ത് പ്രത്യേക ഗ്രില്ല് (സെഡ് അണ്ടര്‍റണ്‍ െപ്രാട്ടക്ഷന്‍) ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. ഗ്രില്ലിനും ടയറിനും ഇടയ്ക്കുള്ള വിടവിലൂടെ അജിത ഏറ്റവും പിന്നിലുള്ള ചക്രത്തിനടിയില്‍പ്പെടുകയായിരുന്നു.