വനിതാ സിനിമാ നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ,തിരക്കഥ തെരഞ്ഞെടുത്തതില്‍ ചട്ടലംഘനമെന്ന് പരാതി
കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തില്‍. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നടപടികള്‍ ക്രമങ്ങള്‍ ലംഘിച്ചാണ് സംവിധായികമാരെ തെരഞ്ഞെടുത്തന്നെ വിദ്യ മുകുന്ദന്‍, ഗീത, അനു ചന്ദ്ര, ആന്‍ കുര്യന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.
ചലച്ചിത്ര വികസ കോര്‍പ്പറേഷന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം പദ്ധതിയില്‍ സ്റ്റേ മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും പദ്ധതിയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായി തന്നെ ഹൈക്കോടതിയെ അറിയിക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അറിയിച്ചു.
കെഎസ്എഫ്ഡിസി വഴി കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് രണ്ട് വനിതാ സംവിധായകര്‍ക്ക് സിനിമാ നിര്‍മ്മാണത്തിനായി ഒന്നരകോടി രൂപ വീതം ഫണ്ട് അനുവദിച്ചത്. വനിതാ സംവിധായകരെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ പക്ഷേ തിരക്കഥയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ 62 തിരക്കഥകളാണ് അവസാനം തെരഞ്ഞെടുത്തത്. ഇതില്‍ നിന്നും മികച്ച 20 തിരക്കഥ തെരഞ്ഞെടുത്ത് അവസാന റൗണ്ട് ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.