20 കിലോയുള്ള പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കി കൊച്ചിയിലെ വീട്ടമ്മ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: ഇരുപത് കിലോ ഭാരമുള്ള ജീവനുള്ള പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലിടുന്ന കൊച്ചിയിലെ ഒരു വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിദ്യ രാജു എന്ന വീട്ടമ്മയാണ് പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയത്. പ്രദേശവാസികള്‍ക്കൊപ്പം വഴിയരികില്‍നിന്ന് പാമ്പിനെ പിടിക്കുകയും പേടി കൂടാതെ അതിനെ ചാക്കിലേക്കിടുകയും ചെയ്യുന്ന വിദ്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
നേവി ഉദ്യോഗസ്ഥനുള്‍പ്പടെ നാല് പേര്‍ക്കൊപ്പമാണ് വിദ്യ പാമ്പിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവര്‍ പാമ്പിന്റെ വാലില്‍ പിടിച്ചപ്പോള്‍ വിദ്യ പാമ്പിന്റെ തലയില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നല്‍കിയ ചാക്കില്‍ പാമ്പിന്റെ വാല്‍ ആദ്യം താഴ്ത്തി. പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളില്‍ കയറ്റുകയും പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്.