ഇരുചക്ര വാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ കരണം അടിച്ച് പൊളിച്ച് യുവതി; സംഭവം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍
ആലുവ: ഇരുചക്രവാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ടപ്പോള്‍ യുവതി സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ചതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിന് നേരെയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ പരാക്രമം. ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. യുവതി എത്തിയ സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വയ്ക്കാന്‍ റിങ്കു ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്നും, സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മര്‍ദ്ദിച്ചതെന്നും റിങ്കു പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും ആലുവ പോലീസ് കേസെടുത്തു.