തൃശൂര്‍: തൃശൂരില്‍ പോലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച സ്ത്രീയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ജൂലൈ അഞ്ചിന് മരിച്ച വത്സലയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികളില്‍ പങ്കെടുത്ത പോലീസുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റിന് ശേഷം പോലീസുകാരി സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വത്സല മരിച്ച ശേഷമായിരുന്നു കൊവിഡാണെന്ന് പരിശോധനാ ഫലം പുറത്തുവന്നത്. നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ മരണമടഞ്ഞത്. ഇവരുടെ ആദ്യ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയായിരുന്നു ഇവരുടെ സംസ്‌കാരം.
മരണകാരണം വ്യക്തമാകാന്‍ പിന്നീട് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ശേഷം മൃതദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരിന്നു. നിരീക്ഷണത്തിലിരിക്കെയാണ് പോലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റില്‍ പങ്കെടുത്ത എസ്ഐ അടക്കമുള്ള മറ്റ് പോലീസുകാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.