23.9 C
Kottayam
Tuesday, May 21, 2024

ബാധ ഒഴിപ്പിക്കാന്‍ പൂജയ്ക്കെത്തിയ സ്ത്രീ വീട്ടുകാരെ പറ്റിച്ചു തട്ടിയെടുത്തത് നൂറു പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും!

Must read

ചെന്നൈ: ബാധ ഒഴിപ്പിക്കുന്നതിനു പൂജയ്ക്കെത്തിയ സ്ത്രീ വീട്ടുകാരെ പറ്റിച്ചു തട്ടിയെടുത്തത് നൂറു പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും. ചെന്നൈ നീലങ്കരൈയില്‍ തട്ടിപ്പു നടത്തിയ നാരായണിയാണ് തട്ടിപ്പ് തടത്തിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിസിനസുകാരനായ ശിവകുമാറിനെയും ബന്ധുക്കളെയുമാണ് നാരായണി കബളിപ്പിച്ചത്. രണ്ടു വര്‍ഷം മുമ്പ് ശിവകുമാറിന്റെ ഭാര്യ മരിച്ചിരുന്നു. സാരിയില്‍ തീ പടര്‍ന്നുണ്ടായ അപകടത്തിലായിരുന്നു മരണം. ഇത് ബാധയുടെ ഉപദ്രവം മൂലമാണെന്ന് ധരിപ്പിച്ചാണ്, അയല്‍വാസിയായ നാരായണി തട്ടിപ്പു നടത്തിയെന്ന് പോലീസ് പറയുന്നു.

ഭാര്യയുടെ മരണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം നാരായണി ശിവകുമാറിനെ സമീപിക്കുകയായിരുന്നു. വീട്ടിലെ ബാധ ഉപദ്രവം മൂലമാണ് ഭാര്യ മരിച്ചതെന്നും ഇതിനു പൂജ നടത്തണമെന്നുമാണ് ശിവകുമാറിനെയും മകളെയും ഇവര്‍ ധരിപ്പിച്ചത്. നാരായണിയുടെ പൂജ ‘ഫലിച്ചിട്ടുണ്ടെന്ന്’ ചില അയല്‍വാസികള്‍ ഉറപ്പു നല്‍കുക കൂടി ചെയ്തതോടെ ശിവകുമാറിനു വിശ്വാസമാവുകയായിരുന്നു.

പരിഹാര പൂജയ്ക്കായി പതിനൊന്നര പവന്‍ ആഭരണവും ഒന്നര ലക്ഷം രൂപയുമാണ് നാരായണി ആദ്യം വാങ്ങിയത്. പൂജ കഴിഞ്ഞ് നാല്‍പ്പത്തിയഞ്ചു ദിവസത്തിനു ശേഷം തിരിച്ചുതരാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ആഭരണങ്ങളിലേക്ക് ആവാഹിച്ച ആത്മാവുകള്‍ പോയിട്ടില്ലെന്നും ഒരു കൊല്ലം വേണ്ടിവരുമെന്നും പിന്നീട് അറിയിച്ചു. ശിവകുമാറിന്റെ വീടു സന്ദര്‍ശിച്ച ബന്ധുക്കളുടെ വീടുകളിലും ആത്മാക്കള്‍ എത്തിയതായി ധരിപ്പിച്ച നാരായണി അവരില്‍നിന്നും ആഭരണങ്ങളും പണവും വാങ്ങി. ആറു മാസത്തിനിടെ 90 പവന്‍ സ്വര്‍ണവും ആറു ലക്ഷം രൂപയുമാണ് വിവിധ ബന്ധുക്കളില്‍നിന്നായി വാങ്ങിയത്.

2019 പകുതിയായിട്ടും ആഭരണങ്ങള്‍ തിരിച്ചുകിട്ടാതായതോടെ ശിവകുമാറിനു സംശയമായി. സ്വര്‍ണത്തിനായി നിരന്തരം നാരായണിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വര്‍ഷം തുടക്കത്തോടെ നാരായണി മുങ്ങുകയും ചെയ്തു.തുടര്‍ന്നാണ് ശിവകുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഒളിച്ചുകഴിയുകയായിരുന്ന നാരായണിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. സ്വര്‍ണം അവര്‍ ഒരു ആഭരണ വ്യാപാരിക്കു വിറ്റിരുന്നു. മോഷണ മുതല്‍ ആണെന്ന് അറിയാതെ അയാള്‍ അത് ഉരുക്കി വില്‍ക്കുകയും ചെയ്തു. നാരായണിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week