യാത്രക്കാര്‍ക്ക് കൗതുകമായി നാടുകാണി ചുര പാതയില്‍ കാട്ടാനക്കൂട്ടം
വയനാട്: യാത്രക്കാരില്‍ കൗതുകം നിറച്ച് നാടുകാണി ചുരം പാതയില്‍ കാട്ടാനക്കൂട്ടം. മലപ്പുറം വഴിക്കടവ് വഴി ഇതരസംസ്ഥാനങ്ങളിലേക്കുളള സഞ്ചാരത്തിനിടെ ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച കണ്ടുകൊണ്ട് യാത്ര ചെയ്യാം. ചുരം പാതയിലെ ഒന്നാം വളവ് പോത്തുംകുഴി, തകരപാടി അമ്പലമുക്ക് ഭാഗങ്ങളിലാണ് ആനക്കൂട്ട്ത്തെ സ്ഥിരം കാണുന്നത്. മിക്ക ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ പാതയില്‍ തന്നെ ആനക്കൂട്ടമുണ്ട്. ഏഴ് ആനകളും രണ്ട് കുട്ടിയാനകളുമടങ്ങുന്ന കൂട്ടമാണ് സ്ഥിരം പാതയില്‍ കാണുന്നത്. രാത്രികാലങ്ങളില്‍ ആനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്.
നാടുകാണിച്ചുരം പാതയില്‍ റോഡ് നവീകരണം പുരോഗമിക്കുകയാണ്. ആനകളുടെ സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാണ് റോഡ് നിര്‍മാണം നടക്കുന്നത്. ഒന്നാം വളവ് മുതല്‍ സംസ്ഥാന അതിര്‍ത്തി വരെ കേരളത്തിന്റെ ഭാഗത്ത് 41 ആനത്താരകള്‍ ഉണ്ട്. എല്ലാ ആനത്താരകളും നിലനിര്‍ത്തിക്കൊണ്ട് നിര്‍മാണം നടത്തിയത്. സംരക്ഷണ ഭിത്തിക്ക് ഉയരക്കൂടുതലുളള ചില സ്ഥലങ്ങളില്‍ ആനകള്‍ കയറാനും ഇറങ്ങാനും റാംപ് സംവിധാനം ഒരുക്കിയിട്ടുണ്ട്.