കൽപ്പറ്റ: ഉൾവനത്തിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവിനു പരിക്കേറ്റു. വയനാട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മൂപ്പൈനാട് പഞ്ചായത്തിലുൾപ്പെട്ട പരപ്പൻപാറ ആദിവാസി കോളനിയിലെ മിനി(35)യാണ് മരിച്ചത്.
മിനിയും ഭർത്താവ് സുരേഷും മക്കളായ സുദീപ് (ഏഴ്), സുമിത്ര (മൂന്ന്), രേഷ്മ (ഒന്ന്) എന്നിവരും മറ്റുചിലർക്കൊപ്പം ബുധനാഴ്ച രാത്രി വയനാട് മൂപ്പൈനാട് കടാശ്ശേരിയിലുള്ള കോളനിയിൽനിന്ന് ഉൾവനത്തിൽ ചാലിയാറിന്റെ ഉദ്‌ഭവസ്ഥാനത്തുള്ള വാസസ്ഥലത്തേക്കുപോയതാണ്. സംഘം വാസസ്ഥലത്തെത്തിയശേഷമാണ് സംഭവം. വീടിനുസമീപത്തെ പ്ലാവിൽനിന്ന് ചക്ക പറിക്കാനെത്തിയ കാട്ടാനയെ തുരത്താൻ സുരേഷും മിനിയും ശ്രമിച്ചു. അപ്പോഴാണ് കാട്ടാന ഇവർക്കെതിരേ തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം -വയനാട് ജില്ലകളുടെ അതിർത്തിപ്രദേശത്തെ വനത്തിനുള്ളിലാണ് പരപ്പൻപാറ ചോലനായ്ക്ക വിഭാഗത്തിലുള്ളവരുടെ കോളനി. വ്യാഴാഴ്ച രാവിലെ കടാശ്ശേരിയിൽനിന്ന് കാട്ടിലേക്കുപോയ സുരേഷിന്റെ അനുജൻ രാജനാണ് മിനിയെയും സുരേഷിനെയും കണ്ടത്. രാജൻ വിവരമറിയിച്ചതോടെ വനംവകുപ്പും പോലീസുമെത്തി സുരേഷിനെയും മിനിയുടെ മൃതദേഹവും പുറത്തെത്തിച്ചു. മിനിക്ക് പുറകുവശത്താണ് പരിക്ക്.
പരപ്പൻപാറ കോളനിയിലെ മറ്റ് ആദിവാസികൾ അറിയിച്ചതിനെത്തുടർന്ന് പോത്തുകല്ല് പോലീസ്, വനം ഉദ്യോഗസ്ഥർ, മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ ആദിവാസി പ്രൊമോട്ടർ നിഖിൽ, കുമ്പളപ്പാറ കോളനി നിവാസികൾ എന്നിവർ സ്ഥലത്തെത്തി. ഇവരുടെ സഹായത്താൽ സുരേഷിനെ സ്‌ട്രച്ചറിൽ ചുമന്ന് റോഡിലെത്തിച്ചു.
മിനിയുടെ മൃതദേഹം ഈ സമയം വനത്തിൽത്തന്നെ കിടക്കുകയായിരുന്നു. പിന്നീട് മേപ്പാടി പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി വനത്തിൽനിന്ന് മുണ്ടേരി, നിലമ്പൂർ വഴി മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു.മിനിക്കും സുരേഷിനും വിഷ്ണു, ശക്തി എന്നിങ്ങനെ രണ്ടുകുട്ടികൾ കൂടിയുണ്ട്. ഇവർ നൂൽപ്പുഴ െറസിെഡൻഷ്യൽ സ്കൂൾ വിദ്യാർഥികളാണ്.
വലതുകാലിനു പരിക്കേറ്റ സുരേഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കുമാറ്റി.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസും കോളനിവാസികളും ഉൾക്കാട്ടിലൂടെ നടന്നത് 16 കിലോമീറ്ററോളം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട റിപ്പൺ, പരപ്പൻപാറ കോളനി മിനി (35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽനിന്നുള്ള പോലീസ് സംഘം നിലമ്പൂർ, പോത്തുകല്ലിൽ എത്തിച്ചത്.
തേൻ ശേഖരിക്കാൻ കാട്ടിൽപ്പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വിവരമറിഞ്ഞ് മേപ്പാടിയിൽനിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശേഷം, ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെക്കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂർ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടുപോയത്. പോലീസ് സംഘത്തിൽ മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. സിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പിളി, സിവിൽ പോലീസ് ഓഫീസർമാ രായ ഷമീർ, റഷീദ് എന്നിവരാണുണ്ടായിരുന്നത്.
ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെക്കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂർ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടുപോയത്. പോലീസ് സംഘത്തിൽ മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. സിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പിളി, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, റഷീദ് എന്നിവരാണുണ്ടായിരുന്നത്.
ചെങ്കുത്തായ ഇറക്കം, ഉൾവനം, ആനച്ചൂരും വന്യമൃഗസാന്നിധ്യവും നേരിട്ട് അനുഭവിച്ചറിയാം. അരി ചുമലിലേറ്റി, അത്യാവശ്യസാധനങ്ങൾ മാത്രം കൈയിലെടുത്ത്, വഴിവെട്ടി ചോലനായ്ക്കർ കാടാശ്ശേരിയിൽനിന്ന് കാടിറങ്ങും. ചെങ്കുത്തായ മലനിരകളിൽ നിരങ്ങിയും കുത്തനെ ഇറങ്ങിയും നിബിഡവനത്തിലൂടെ യാത്ര. ചാലിയാറിന്റെ ഉദ്‌ഭവസ്ഥാനത്തിനടുത്ത് പുഴയോരത്ത് താത്കാലികമായി കെട്ടിയ ഷെഡ്ഡിൽ ഉറക്കം- പതിറ്റാണ്ടുകൾക്കിപ്പുറവും ആദിവാസിവിഭാഗമായ ചോലനായ്ക്കരുടെ ജീവിതം ഇങ്ങനെയാണ്.
വയനാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ ചാലിയാറിന്റെ ഇരുകരകളിലുമായാണ് ചോലനായ്ക്കരുള്ളത്. മൂപ്പൈനാട് കാടാശ്ശേരിയിൽനിന്ന് നാലുകിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ചുവേണം പരപ്പൻപാറയിലെത്താൻ. 12 കുടുംബങ്ങളിലായി 60-ഓളംപേരാണ് ചോലനായ്ക്ക വിഭാഗത്തിലുൾപ്പെടുന്നവരായി വയനാട്ടിലുള്ളത്. ചാലിയാറിന്റെ ഉദ്‌ഭവസ്ഥാനത്തിനോട് ചേർന്ന് ഉൾവനത്തിൽക്കഴിയുന്ന ഇവരെ പൊതുസമൂഹവുമായി ഇഴചേർക്കാൻ പദ്ധതികൾ പലതും ആലോചിച്ചെങ്കിലും നടപ്പായില്ല.
ദുർഘടമായ വനപാതയും വന്യമൃഗങ്ങളുടെ സാന്നിധ്യവുമാണ് ഇവരുമായി നിരന്തരസമ്പർക്കം പുലർത്താൻ ഉദ്യോഗസ്ഥർക്കും വെല്ലുവിളി. കിലോമീറ്ററുകളോളം വന്യമൃഗസാന്നിധ്യമുള്ള കാട്ടിലൂടെ നടന്നുവേണം ഇവരെ കണ്ടെത്താൻ, അതും ഒരിടത്ത് സ്ഥിരമായി താമസിക്കുന്ന പതിവുമില്ല. കാട്ടിലൂടെ മണിക്കൂറുകളോളം അലഞ്ഞാണ് പലപ്പോഴും ഇവരെ കണ്ടെത്തുന്നതെന്ന് ഐ.ഡി.ടി.പി. ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് ആക്രമിക്കുകയായിരുന്നു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് ആന ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.