കോയമ്പത്തൂർ : ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസില്‍ ഭാര്യയും വാടകക്കാരനും പിടിയില്‍. 60 കാരനായ ജി കാളിയപ്പന്റെ മരണത്തില്‍ 58 കാരിയായ രാജാമണിയും 41 കാരനായ എന്‍ അരികൃഷ്ണനുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് പറയുന്നു.
കോയമ്പത്തൂരിലാണ് സംഭവം നടന്നത്. പ്രഭാത നടത്തിന് പുറത്തിറങ്ങിയ സമയത്താണ് ആക്രമണം. കാളിയപ്പനെ പിന്തുടര്‍ന്ന അജ്ഞാതന്‍ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് ഒളിവിൽ പോയ അരികൃഷ്ണനെ കോയമ്പത്തൂരിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കാളിയപ്പന്‍റെ ഭാര്യ രാജാമണിയുടെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
‘രാജാമണിയോട് സ്ഥിരമായി കാളിയപ്പന്‍ മോശമായി പെരുമാറുമായിരുന്നു. ഒരിക്കല്‍ ഇക്കാര്യത്തിൽ അരികൃഷ്ണന്‍ കാളിയപ്പനെ താക്കീത് ചെയ്തു. പ്രതികാരമെന്നോണം അരികൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലേക്കുള്ള വെളളവും വൈദ്യുതിയും നൽകിയില്ല. തനിക്ക് നേരെ ഉണ്ടായ പ്രതികാര നടപടിയെ കുറിച്ച് അരികൃഷ്ണന്‍ രാജാമണിയോട് പരാതിപ്പെട്ടു. ഭര്‍ത്താവിനെ കൊല്ലാനാണ് രാജാമണി ആവശ്യപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ അരികൃഷ്ണന് രാജാമണി പണം വാഗ്ദാനം ചെയ്യുകയായിരുന്നു.