EntertainmentKeralaNewsTop Stories

നായകള്‍ വാലാട്ടുന്നതെന്തിന്‌?

ഉടമയേയും പ്രിയപ്പെട്ടവരെയും കാണുമ്പോഴും സന്തോഷം തോന്നുമ്പോഴും നായ്ക്കള്‍ വാലാട്ടുമെന്നാണ് പൊതുവിശ്വാസം. ഇതു പക്ഷെ, പൂര്‍ണമായും ശരിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായ്ക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഗമായും അവ വാലാട്ടാറുണ്ട്. നായ് വാലാട്ടുന്നത് കാണുമ്പോള്‍ താലോലിക്കാന്‍ ക്ഷണിക്കുകയാണെന്ന് കരുതരുത്. വാലിന്റെ പൊസിഷനും ചലനവും അടിസ്ഥാനമാക്കിയ ഒരു ഭാഷ നായ്ക്കള്‍ക്കുണ്ട്.

നായുടെ വൈകാരിക അവസ്ഥ മനസിലാക്കാന്‍ വാലിന്റെ പൊസിഷന്‍ സഹായിക്കും. ശാന്തമായിരിക്കുന്ന സമയത്ത് നായുടെ വാല്‍ സാധാരണപൊസിഷനിലായിരിക്കും ഉണ്ടാവുകയെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍ട്ടി ടു എനിമല്‍സ് പറയുന്നു. ഇനങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസം ഉണ്ടാവാം.

ഭൂരിപക്ഷം നായ്ക്കളുടെയും വാല്‍ സാധാരണഗതിയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. പക്ഷെ, ചില ചെറുനായ്ക്കളുടെ വാലുകള്‍ മുകളിലേക്ക് ചുരുണ്ടിരിക്കും. വേട്ടപ്പട്ടികളുടെ വാലും വ്യത്യസ്തമാണ്.

നായ ക്ഷോഭിച്ചോ വിധേയപ്പെട്ടോ ഇരിക്കുകയാണെങ്കില്‍ വാല്‍പ്പം അല്‍പ്പം താഴ്ത്തിപിടിക്കും. ഭയമാണ് തോന്നുന്നതെങ്കില്‍ വാല്‍ ശരീരത്തിനുള്ളിലേക്ക് മടക്കും. വാല്‍ കൂടുതലായി ഉയര്‍ന്നിരിക്കുന്നത് മറ്റു ചില സൂചനകളാണ് നല്‍കുന്നത്.

സാധാരണയേക്കാള്‍ വാല്‍ ഉയര്‍ന്നിരിക്കുകയാണെങ്കില്‍ പുള്ളി ഉത്തേജിക്കപ്പെട്ടിരിക്കുകയാണ്. കുത്തനെ ഉയര്‍ത്തിപിടിക്കുന്ന വാല്‍ ആക്രമണ മൂഡാണ് തെളിയിക്കുന്നത്. വാല്‍ നേരെ നിര്‍ത്തുന്നത് എന്തോ ഒരു കൗതുകം അതിനുണ്ടെന്നതിന്റെ തെളിവാണ്.

നായുടെ വാലാട്ടം ഉത്തേജനത്തിന് സൂചനയാണ്. കൂടുതല്‍ വാലാട്ടുന്നത് ഉത്തേജനം കൂടുതലാണെന്നതിന്റെ തെളിവും. നായുടെ മനസിലുള്ള കാര്യങ്ങള്‍ക്കനുസരിച്ച് വാലാട്ടത്തിന്റെ സ്വഭാവവും മാറുമെന്ന് 2007ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. വലതു വശത്തേക്ക് വാലാട്ടുന്നത് പോസിറ്റീവായ വികാരങ്ങളുള്ളപ്പോഴാണ്.

ഇടത്തോട്ട് വാലാട്ടുന്നത് നെഗറ്റീവ് വികാരങ്ങളുടെ ലക്ഷണമാണ്. മസ്തിഷ്‌കത്തിന്റെ വലതുഭാഗമാണല്ലോ ശരീരത്തിന്റെ ഇടതു വശത്തെ നിയന്ത്രിക്കുന്നത്. ഇടതുഭാഗമാണ് വലതു വശത്തെയും നിയന്ത്രിക്കുന്നത്. മസ്തിഷ്‌കത്തിന്റെ ഇടതുഭാഗമാണ് പോസിറ്റീവായതും അടുക്കാവുന്നതുമായ വികാരങ്ങള്‍ക്കു കാരണമെന്നാണ് മറ്റു മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. വലതുഭാഗം നെഗറ്റീവായതും അകന്നുനില്‍ക്കേണ്ടതുമായ വികാരങ്ങളാണ് ഉണ്ടാക്കുക.

മറ്റു നായ്ക്കളുടെ വാലാട്ടത്തില്‍ നിന്നും നായ്ക്കള്‍ പലതും മനസിലാക്കുമെന്നാണ് 2013ലെ ഒരു പഠനം പറയുന്നത്. നായ്ക്കളുടെ ക്രമരഹിതമായ വാലാട്ടം മറ്റു നായ്ക്കള്‍ക്ക് ആശ്വാസം നല്‍കും. അതേസമയം, ഇടത്തോട്ട് വാലാട്ടുന്നത് മറ്റു നായ്ക്കളെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് ഈ പഠനം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker