പ്രണയിക്കുന്ന സമയത്ത് എന്തുകൊണ്ട് സ്വന്തം നഗ്നചിത്രങ്ങള്‍ പങ്കാളിക്ക് അയച്ച് കൊടുക്കുന്നു; കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം നഗ്‌ന അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പ്രേമിക്കുന്ന സമയത്ത് കാമുകന് അയച്ചു കൊടുക്കുകയും പിന്നീട് അത് പെണ്‍കുട്ടിയ്ക്ക് പാരയായി മാറുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കാമുകന് സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ച് നല്‍കാന്‍ കാമുകി തയ്യാറാകുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം തേടി അമേരിക്കയില്‍ നടന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2018 -2019 കാലയളവില്‍ 1918 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും സ്വന്തം നഗ്‌നചിത്രങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചു കൊടുത്തെന്ന് തുറന്നു സമ്മതിച്ചു. സ്വന്തം അര്‍ദ്ധ,പൂര്‍ണ നഗ്‌ന ഫോട്ടോകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ അവസാനം എപ്പോഴാണ് മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തത് എന്നാണ് വിദ്യാര്‍ത്ഥികളോട് സര്‍വേയില്‍ പ്രധാനമായും ചോദിച്ചത്.
എന്തിനാണ് സ്വന്തം നഗ്‌നഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതെന്ന ചോദ്യത്തിന് 23 കാരണങ്ങളാണ് പെണ്‍കുട്ടികള്‍ വ്യക്തമാക്കിയത്. പങ്കാളിക്ക് തങ്ങളിലുള്ള ലൈംഗിക താത്പര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരം ഫോട്ടോകള്‍ അയയ്ക്കുന്നതെന്നായിരുന്നു കൂടുതല്‍ പേരുടേയും മറുപടി. ഇങ്ങനെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും തങ്ങളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ മാനസികമായി അസ്വസ്ഥരായി ഇരിക്കുമ്പോഴും ഇത്തരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാറുണ്ടെന്നും ഇവര്‍ തുറന്നു പറഞ്ഞു. എന്നാല്‍ മക്കളുടെ ഈ പ്രവൃത്തികള്‍ മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മക്കള്‍ ഇങ്ങനെ ചെയ്യുന്നത് പല മാതാപിതാക്കളും വിലക്കുന്നുണ്ട്.
അമേരിക്കയിലെ ആരിസോണ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യല്‍ ആന്റ് ബിഹേവിയര്‍ സയന്‍സിലെ സ്‌കൂള്‍ ഓഫ് സോഷ്യോളജിയില്‍ ഗവേഷകയായ മോര്‍ഗന്‍ ജോണ്‍സ്റ്റോബര്‍ഗ് ആണ് ഈ പഠനം നടത്തിയത്. സെക്‌സ് ആന്റ് ജെന്‍ഡര്‍, സെക്ഷ്വാലിറ്റിസ്, ഡിജിറ്റല്‍ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിലാണ് ഇവരുടെ പഠനങ്ങള്‍ നടത്തുന്നത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് അഡ്വന്‍സ്‌മെന്റ് സയന്‍സിന്റെ പ്രസിദ്ധീകരണത്തിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.