ജനീവ : കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.
ഇന്ത്യയോടൊപ്പം നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലാന്‍റ്, കംബോഡിയ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായി പടരുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. തെക്കന്‍ ഏഷ്യയില്‍ നേപ്പാള്‍, പാകിസ്ഥാന്‍ മുതല്‍ ശ്രീലങ്ക, മാലിദ്വീപ് വരെയും രോഗം ശക്തമാണ്. തെക്ക് കഴിക്കന്‍ ഏഷ്യയില്‍ തായ്‌ലാന്‍റ്, കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗം അതിവേഗം വ്യാപിക്കുന്നു.
‘തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ 27 ലക്ഷം പുതിയ കേസുകളും 25,000 ല്‍പരം മരണങ്ങളും ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 19 ശതമാനവും 48 ശതമാനവും അധികമാണ്,’ ലോകാരോഗ്യസംഘടന അറിയിക്കുന്നു.
വൈറസിന്‍റെ അതിവേഗവ്യാപനം ഈ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളിലും മെഡിക്കല്‍ വിതരണ ശൃംഖലകളിലും അമിതമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പല രാഷ്ട്രങ്ങളും ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്.
ഏഷ്യയിലുടനീളം ആഞ്ഞടിക്കുന്ന ദുരന്തം നിര്‍ത്താന്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് റെഡ് ക്രോസ്, റെഡ് ക്രെസന്‍റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ഈ മനുഷ്യ ദുരന്തം അമര്‍ച്ച ചെയ്യാന്‍ അതിവേഗം പ്രവര്‍ത്തിച്ചാലേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. ഈ വൈറസിന് രാജ്യാതിര്‍ത്തികള്‍ എന്ന ബഹുമാനമൊന്നുമില്ല, അത് പല വകഭേദങ്ങളുടെ രൂപത്തില്‍ ഏഷ്യയിലുടനീളം ആഞ്ഞടിക്കുകയാണ്,’ റെഡ് ക്രോസ്, റെഡ്‌ക്രെസന്‍റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍റെ ഏഷ്യാ പസഫിക് മേഖലാ ഡയറക്ടര്‍ അലക്‌സാണ്ടര്‍ പറയുന്നു.
ശ്രീലങ്കയില്‍ ഏപ്രില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് രോഗവ്യാപനം കൂടി. ഏപ്രില്‍13,14 തീയതികളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കൂടിച്ചേരലുകളാണ് രോഗവ്യാപനം കൂട്ടിയത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന വൈറസിന്റെ വകഭേദവും ശ്രീലങ്കയിലുണ്ട്. ഒപ്പം യുകെയിലെ അതിവീര്യ വൈറസായ ബി1.1.7 വകഭേദവും ശ്രീലങ്കയില്‍ കണ്ടെത്തി.
മാലിദ്വീപിലും രോഗവ്യാപനം കൂടുതലാണ്. ഇവിടെ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കൂടിയതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാകിസ്ഥാനില്‍ കോവിഡ് അതിരൂക്ഷമായതിനാല്‍ ഈദ് ആഘോഷങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് പാക് സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ എട്ടരലക്ഷം പേര്‍ക്ക് രോഗബാധയുണ്ട്. 18,600 പേര്‍ മരിച്ചു.
അതിരൂക്ഷമാണ് നേപ്പാളിലെ രോഗപ്പകര്‍ച്ച. ഇവിടെ 1200 ശതമാനമാണ് രോഗവ്യാപനം വര്‍ധിച്ചത്. വൈറസ് ടെസ്റ്റ് നടത്തിയതില്‍ 44 ശതമാനം പേര്‍ക്കും പോസിറ്റീവാണ്. തായലാന്‍റില്‍ മാര്‍ച്ച് 31ന് 28,863 പേര്‍ക്കാണ് രോഗമെങ്കില്‍ അത് ഇപ്പോള്‍ 76,000 പേര്‍ക്ക് എന്ന തോതില്‍ കുതിച്ചുയര്‍ന്നു.