NationalNews

ഇ.ഡി.യും സി.ബി.ഐയുംആദായനികുതി വകുപ്പുമല്ലാതെ ആരാണ് എന്‍.ഡി.എയിലുള്ളത്‌? മോദിക്ക് ചുട്ടമറുപടി

ഹൈദരാബാദ്: എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഷര്‍ റാവു (കെ.സി.ആര്‍) വിന്റെ ഭാരത് രാഷ്ട്രസമിതി പലതവണ ശ്രമം നടത്തിയെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കെ.സി.ആറിന്റെ മകന്‍ കെ.ടി രാമറാവു രംഗത്ത്.

എന്‍ഡിഎയുടെ ഭാഗമാകാന്‍ ഭാരത് രാഷ്ട്രസമിതിക്ക് ഭ്രാന്തില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും മുഖ്യമന്ത്രി കെസിആറിന്റെ മകനും മന്ത്രിയുമാണ് കെ.ടി.ആര്‍. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പറയുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസിന് ബിആര്‍എസ് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച അദ്ദേഹം അതേ വേദിയില്‍തന്നെ തങ്ങളെ എന്‍ഡിഎയില്‍ ചേരാന്‍ അനുവദിച്ചില്ല എന്നും പറയുന്നു. എന്‍ഡിഎയില്‍ പോയി ചേരാന്‍ ഞങ്ങളെ പേപ്പട്ടി കടിച്ചോ ? നിരവധി പാര്‍ട്ടികള്‍ നിങ്ങളുടെ സഖ്യംവിട്ട് പോകുകയാണ്.

ശിവസേനയും, ജനതാദള്‍ യുണൈറ്റഡും, തെലുങ്കുദേശം പാര്‍ട്ടിയും, ശിരോമണി അകാലിദള്ളും നിങ്ങളെ വിട്ടുപോയി. ആരാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്? സി.ബിഐയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പുമല്ലാതെ ആരാണ് എന്‍ഡിഎയിലുള്ളത് ?- അദ്ദേഹം പരിഹസിച്ചു.

ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന കെ.സി.ആര്‍ പലതവണ എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമിച്ചിരുന്നുവെന്നും താന്‍ അവരുടെ അഭ്യര്‍ഥന നിരസിച്ചുവെന്നുമാണ് നിസാമാബാദില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി പ്രസംഗിച്ചത്. മുന്നണിയില്‍ ചേര്‍ക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതോടെ കെ.സി.ആറിന്റെ സ്വഭാവം ആകെമാറിയെന്നും മോദി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button