വിജയുമായി പിരിഞ്ഞപ്പോൾ പോത്ത് കൃഷി ചെയ്യാൻ ആയിരുന്നു പ്ലാൻ; ഒറ്റയ്ക്ക് നിൽക്കുമ്പോൾ ബുദ്ധിമുട്ടാണ്: സാന്ദ്ര
കൊച്ചി:മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നിർമ്മാതാവ് സാന്ദ്ര തോമസ്. നിർമ്മാതാവ് എന്നതിലുപരി നടിയായും സാന്ദ്ര തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ അമരക്കാരിൽ ഒരാളായിരുന്ന സാന്ദ്ര, തന്റെ ബിസിനസ് പങ്കാളി ആയിരുന്ന വിജയ് ബാബുവുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ, വീണ്ടും സ്വതന്ത്ര നിർമ്മാതാവായി മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് താരം. തിരിച്ചുവരവിൽ ഒറ്റയ്ക്കു നിൽക്കുന്നതിനെ കുറിച്ചും വിജയ് ബാബുവുമായുള്ള പ്രശ്‌നത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സാന്ദ്ര തോമസ്. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര. വിശദമായി വായിക്കാം.
‘ഒറ്റയ്ക്ക് നിൽക്കുന്നത് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്. ആണുങ്ങളുമായി സിനിമ ചെയ്യുമ്പോൾ നമ്മൾ പറയുന്നത് കൃത്യമായി അവർക്ക് മനസിലാവണം എന്നില്ല. ക്രൂ മെമ്പർമാർ എല്ലാം ആണുങ്ങൾ ആയിരിക്കും. അപ്പോൾ ഇവരുടെ മെയിൽ ഈഗോ വേറെയാണ്. ഫീമെയിൽ ഈഗോ വേറെയാണ്. അവർക്ക് വേദനിക്കുന്നത് ആയിരിക്കില്ല നമ്മുക്ക് വേദനിക്കുന്നത്. അവർ ചിലപ്പോൾ ഇത് ചെറുതല്ലേ എന്ന് ചോദിച്ച് സിംപിൾ ആക്കി കളയും,’
‘ആണുങ്ങളുടെ കൂടെ ചെയ്യുമ്പോൾ കുറച്ചൊരു കംഫർട്ട് കിട്ടും അത് ശരിയാണ്. സ്ത്രീയെന്ന രീതിയിലുള്ള കൺസിഡറേഷനും ഉണ്ടാകും പക്ഷെ ആ ഈഗോ മാനേജ് ചെയ്യുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. നമ്മുടെ ഈഗോയും അവരുടെ ഈഗോയും അങ്ങോട്ട് മാച്ച് ആകില്ല.
എനിക്ക് ഭയങ്കരമായി വേദനിച്ചാലും അവർക്ക് അത് മനസിലാകില്ല. വിജയ്ക്കൊപ്പം വർക്ക് ചെയ്യുമ്പോൾ അയാൾക്കത് ചിലപ്പോൾ മനസിലാകും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല,’ പക്ഷെ ഇതിനെയെല്ലാം മറികടക്കാൻ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസമെന്ന് സാന്ദ്ര പറയുന്നു.
ഒറ്റയ്ക്ക് ഒരു സ്ത്രീ ആയിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളത് അസോസിയേഷനുകളിലാണെന്നും സാന്ദ്ര പറഞ്ഞു. അസോസിയേഷനിൽ നമ്മൾ ഒരു പ്രശ്‌നയുമായി പോയി കഴിഞ്ഞാൽ അവിടെ മുഴുവൻ ആണുങ്ങളാണ് ഇരിക്കുന്നത്. എല്ലാ അസോസിയേഷനും വരും. ഒരു വലിയ ടേബിളിൽ പത്ത് പന്ത്രണ്ട് ആണുങ്ങൾ ഇരിക്കും. ഞാൻ ഒരു സ്ത്രീ ഇപ്പുറത്തും ഒറ്റയ്ക്കും.
ഞാൻ പറയുന്നത് അവർക്ക് മനസിലാവില്ല. എല്ലാം പറഞ്ഞ് കഴിഞ്ഞ് അവർ ചോദിക്കും സാന്ദ്രക്ക് എന്താണ് വേണ്ടത്. കാശ് വേണ്ടേ എന്ന്. അവിടെ എനിക്ക് കാശായിരിക്കില്ല വേണ്ടത്. അവിടെ ഒരു അപ്പോളജി മാത്രമാകും എനിക്ക് വേണ്ടത്. അത് അവർക്ക് മനസിലാവില്ല. അങ്ങനെ വരുമ്പോൾ സ്ത്രീ ആയിട്ട് ഒറ്റയ്ക്ക് നിന്ന് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് സാന്ദ്ര പറഞ്ഞു.
വിജയ് ബാബുവുമായി ഉണ്ടായ പ്രശ്‌നത്തെ കുറിച്ചും സാന്ദ്ര അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ ഒരു ദിവസം മാത്രമേ താൻ ഉറങ്ങാതെ ഇരുന്നിട്ടുള്ളു, അത് വിജയ് ബാബുവുമായി അടിയുണ്ടായ ദിവസമാണെന്ന് സാന്ദ്ര പറഞ്ഞു. ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു അടി ഉണ്ടായത്. ചില സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഒപ്പമുണ്ടായിരുന്നവർ കുത്തിത്തിരിപ്പ് ഉണ്ടാക്കിയത് ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾക്കത് മനസിലായി.
പക്ഷെ ആ സംഭവം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിട്ടാണ് ഞാൻ കാണുന്നത്. ഒന്നുമില്ലാതെയാണ് ഞാൻ അവിടെ നിന്നിറങ്ങിയത്. സിനിമ ഇനി വേണ്ടെന്ന് തീരുമാനിച്ചിരുന്നു. പോത്ത് കൃഷി ചെയ്യാൻ ആയിരുന്നു പ്ലാൻ. എനിക്ക് ഫ്രൈഡേ ഫിലിം ഹൗസ് വേണ്ട എന്ന തീരുമാനം ഉണ്ടായിരുന്നു. കാരണം അതിന് വേണ്ടി ആണ് വിജയുമായി പ്രശ്നങ്ങൾ ഉണ്ടായത്. വിജയ് വളരെ നിസാര കാര്യത്തിനാണോ എന്നോട് വഴക്കിട്ടത് എന്ന ചിന്ത ആയിരുന്നു മനസ്സിൽ.
ആറ് വർഷം ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. സാധാരണ പൈസക്ക് വേണ്ടിയാണ് എല്ലവരും വഴക്കിടുക. ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. വളരെ പേഴ്സണലായ ഒരു കാര്യത്തിനു മേൽ ഉണ്ടായ തെറ്റിദ്ധാരണ ആയിരുന്നു പ്രശ്നങ്ങൾക്ക് കാരണം. രണ്ടു ദിവസം കൊണ്ട് ഞങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറിയിരുന്നു.
എന്നാൽ ആ രണ്ടു ദിവസം കൊണ്ട് പൊറുക്കാൻ പറ്റാത്ത വിധത്തിൽ വിജയ് എന്നോട് പെരുമാറി. അതോടെ അങ്ങനൊരാളെ എനിക്ക് ഉൾകൊള്ളാൻ കഴിയാതെ ആയെന്നും സാന്ദ്ര പറഞ്ഞു. അതേസമയം, നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസ് നിർമ്മിച്ചിരിക്കുന്ന പുതിയ ചിത്രം. സ്ത്രീ കഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത സിനിമ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്.