ജയിലിൽ വെച്ച് എന്റെ വസ്ത്രമഴിച്ചപ്പോൾ; മരിക്കാൻ തോന്നും; മഹാലക്ഷ്മി എന്നോട് പറഞ്ഞത്; രവീന്ദർ
ചെന്നൈ:നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ പണം തട്ടിപ്പ് കേസിൽ ജയിലിലായത് തമിഴകത്ത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് രവീന്ദറിന് ജാമ്യം ലഭിച്ചത്. തമിഴ് സീരിയൽ നടി മഹാലക്ഷ്മിയുടെ ഭർത്താവാണ് രവീന്ദർ. അതിനാൽ തന്നെ രവീന്ദറിന്റെ അറസ്റ്റ് വലിയ തോതിൽ ചർച്ചയായി. ഇതിനിടെ രവീന്ദറും മഹാലക്ഷ്മിയും തമ്മിൽ പ്രശ്നങ്ങളെന്ന് ഗോസിപ്പുകളും പരന്നു. രവീന്ദറിന്റെ കേസ് മഹാലക്ഷ്മിയെ ഞെട്ടിച്ചെന്നും രവീന്ദർ തന്നെ വഞ്ചിച്ചെന്ന് മഹാലക്ഷ്മി പറഞ്ഞതുമായാണ് ഗോസിപ്പുകൾ വന്നത്.
രവീന്ദർ ജയിലിലായപ്പോഴും മഹാലക്ഷ്മി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. നടി പങ്കുവെച്ച ഫോട്ടോകൾക്ക് താഴെ അധിക്ഷേപങ്ങൾ വന്നു. ഭർത്താവ് ജയിലിൽ കഴിയുമ്പോൾ ഭാര്യ സന്തോഷിക്കുന്നു എന്നായിരുന്നു കമന്റുകൾ. ഇപ്പോഴിതാ ജയിലിൽ നിന്നിറങ്ങിയ ശേഷം വിവാദങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രവീന്ദർ. കേസിൽ താൻ നിരപരാധിയാണെന്ന് രവീന്ദർ പറയുന്നു. പ്രതിസന്ധി കാലത്ത് കാലത്ത് കുടുംബം നൽകിയ പിന്തുണയെക്കുറിച്ചും രവീന്ദർ സംസാരിച്ചു. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കായിരുന്നു രവീന്ദർ.
അമ്മയുടെ പ്രാർത്ഥന കൊണ്ടാണ് തനിക്ക് പുറത്ത് വരാനായതെന്ന് രവീന്ദർ പറയുന്നു. തന്റെ ഭാര്യ നൽകിയ പിന്തുണയെക്കുറിച്ചും നിർമാതാവ് സംസാരിച്ചു. യഥാർത്ഥ മഹാലക്ഷ്മിയാണ് എന്റെ ഭാര്യ. മഹാലക്ഷ്മിയെ എന്നിൽ നിന്നും പിരിക്കാൻ ആർക്കും പറ്റില്ല. കല്യാണം കഴിഞ്ഞ് ഒരു വർഷം ആയിട്ടേയുള്ളൂ. എന്റെ അമ്മായിയച്ഛനെക്കുറിച്ചും അമ്മയിയമ്മയെക്കുറിച്ചും ആലോചിച്ച് നോക്കൂ. പരമാവധി ആളുകൾ ഇല്ലാത്ത സമയത്ത് ജയിലിൽ വരാനാണ് ഞാൻ അവളോട് ആവശ്യപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ അവൾക്ക് കൊളാബ്റേഷൻ ഉണ്ട്. വാങ്ങുന്ന പണത്തിന് വേണ്ടി അഭിനയിച്ച് കൊടുക്കണം. എന്നാൽ ഭർത്താവ് ജയിലിലായിട്ടും എന്താണിങ്ങനെ ചെയ്യുന്നതെന്നാണ് പോസ്റ്റുകൾക്ക് താഴെ വന്ന കമന്റുകൾ. അന്ധമായി പ്രണയിക്കുന്ന ആളാണ് മഹാലക്ഷ്മി.
നിനക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഞാൻ കുറ്റബോധത്തോടെ സംസാരിച്ചപ്പോൾ മുപ്പത് ദിവസം നിങ്ങളെ കാണാതിരിക്കാൻ എങ്ങനെ പറ്റുമെന്നാണ് മഹാലക്ഷ്മി ചോദിച്ചത്. പിന്നീട് വളരെ ലാഘവത്തോടെ സംസാരിച്ചു. നിങ്ങൾ ഇത് മറികടക്കുമെന്ന് പറഞ്ഞു. തന്റെ അമ്മയും ധൈര്യം തന്നെന്നും രവീന്ദർ തുറന്ന് പറഞ്ഞു. ജയിലിലെ അനുഭവങ്ങളും രവീന്ദർ പങ്കുവെച്ചു.
മുപ്പതടി ഉയരമുള്ള ഗേറ്റ്. കതക് തുറന്ന് ജയിൽ കണ്ടപ്പോൾ അടി കിട്ടിയത് പോലെയായി. നിങ്ങൾ എത്ര വലിയ ആളാണെങ്കിലും ഉള്ളിൽ കയറുമ്പോൾ ശരീരം കിടുങ്ങും. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വസ്ത്രം ഊരി അധികൃതർ ചെക്ക് ചെയ്യും. അപ്പോൾ തന്നെ മരിക്കാൻ തോന്നും. ഒരാൾ നമ്മളുടെ വസ്ത്രം അഴിക്കുകയാണ്. വളരെ അൺകംഫർട്ടബിൾ ആയിരുന്നു അത്. പൊലീസിനും എന്നെ കണ്ട് സങ്കടം തോന്നി. അവർക്ക് അവരുടെ ജോലി ചെയ്യണം. ജയിലിൽ എല്ലാവർക്കും തന്നെ അറിയാമായിരുന്നെന്നും രവീന്ദർ വ്യക്തമാക്കി.
രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാത്ത് റൂമിൽ പോകുന്നതായിരുന്നു. എനിക്ക് ഇരിക്കാൻ പറ്റില്ലായിരുന്നു. ആ ബ്ലോക്കിൽ ഒരു വെസ്റ്റേൺ ടോയ്ലറ്റുണ്ട്. ജയിൽപുള്ളികളിലെ ഒരു നേതാവ് തനിക്ക് ആ ടോയ്ലറ്റ് ഉപയോഗിക്കാൻ സഹായിച്ചെന്നും രവീന്ദർ ഓർത്തു. വിവാദങ്ങൾക്കൊടുവിൽ ജാമ്യം കിട്ടിയ സന്തോഷത്തിലാണ് രവീന്ദറും ഭാര്യ മഹാലക്ഷ്മിയും. ഇരുവർക്കും പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്.