ഗൂഗിള്‍ പേയ്ക്ക് ഭീഷണിയാകുമോ? പേയ്‌മെന്റ് സംവിധാനത്തിലേക്ക് ചുവട് വെച്ച് വാട്‌സ്ആപ്പ്
മൊബൈല്‍ വാലറ്റ്, പേയ്മെന്റ് രംഗത്തേക്ക് ചുവട് വെക്കാനൊരുങ്ങി വാട്സ്ആപ്പ്. മെയ് അവസാനത്തോടെ വാട്സ്ആപ്പ് പേ സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങി മൂന്ന് സ്വകാര്യ ബാങ്കുകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. എസ്.ബി.ഐ ഇതുവരെ സഹകരിച്ചിട്ടില്ല.
ഫേബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഗൂഗിള്‍ പേയാണ്. നിവലില്‍ ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ച് ബീറ്റാ വേര്‍ഷനില്‍ വാട്സ്ആപ്പ് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. 40 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. നിലവിലെ ആപ്പില്‍ തന്നെ പേയ്മെന്റ് ബട്ടണും കൂടി ഉള്‍പ്പെടുത്തുന്നതായിരിക്കും സംവിധാനം.
വെറും പേയ്മെന്റ് സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല വാട്സ്ആപ്പ് പേ. റിലയന്‍സ് ജിയോയുമായി ഈയിടെയാണ് കരാറുണ്ടാക്കിയത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഈ കരാര്‍. വാട്സ്ആപ്പില്‍ കൂടി തന്നെ ഷോപ്പിങ് നടത്തി പണമടക്കാനുള്ള സംവിധാനമായിരിക്കും ഒരുപക്ഷെ, അണിയറയില്‍.
2018 ല്‍ തന്നെ വാട്സ്ആപ്പ് പേ സംവിധാനം പ്രഖ്യാപിച്ചെങ്കില്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. റിസര്‍വ് ബാങ്കിന്റെ ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ വാട്സാപ്പ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതോടെയാണ് പ്രധാന തടസം മാറിയത്.