വാട്‌സ്ആപ്പ് സ്വകാര്യതാ നയം സ്വീകരിക്കാതിരുന്നാല്‍ മേയ് 15ന് ശേഷം ഈ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ല
വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 15 വരെയാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ചില വാട്‌സ്ആപ്പ് സവിശേഷതകള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കാം. അതേസമയം സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വ്യക്തമാക്കി.
പുതിയ സ്വകാര്യതാ നയം നിങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കാവുന്ന ചില സവിശേഷതകള്‍ ഇതാ:-
വാട്‌സ്ആപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല. പകരം ഇത് ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഉപയോക്താവിന് ആക്സസ് ചെയ്യാന്‍ കഴിയാത്ത ആദ്യത്തേതും പ്രധാനവുമായ കാര്യം വാട്‌സ്ആപ്പ് ചാറ്റ് ലിസ്റ്റായിരിക്കും. ഇന്‍കമിംഗ് ഫോണ്‍, വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്‌സ്ആപ്പ് അപ്പോഴും ഉപയോക്താക്കളെ അനുവദിക്കും.
ഒരു മെസേജ് വായിക്കാനോ പ്രതികരിക്കാനോ അവയില്‍ ടാപ്പുചെയ്യാനോ കഴിയും. ഒരു മിസ്ഡ് ഫോണ്‍ അല്ലെങ്കില്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ തിരികെ വിളിക്കാം. ഇത് കുറച്ച് ആഴ്ചത്തേക്ക് തുടരും, പക്ഷേ നിങ്ങള്‍ ഇപ്പോഴും സ്വകാര്യതാ നയം അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അപ്ലിക്കേഷന്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമാകും.
ഉപയോക്താക്കള്‍ക്ക് ഇന്‍കമിംഗ് കോളുകളോ അറിയിപ്പുകളോ സ്വീകരിക്കാന്‍ കഴിയില്ലെന്നും വാട്‌സ്ആപ്പ് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ, അക്കൗണ്ട് ഇല്ലാതാക്കുകയാണെങ്കില്‍, മെസേജ് ഹിസ്റ്ററി ഇല്ലാതാക്കപ്പെടും. കൂടാതെ എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും നീക്കംചെയ്യും, ഒപ്പം എല്ലാ ബാക്കപ്പും ഇല്ലാതാക്കും.
ഫെബ്രുവരി എട്ടിന് പുതിയ സ്വകാര്യതാ നയം പുറത്തിറക്കാന്‍ വാട്‌സ്ആപ്പ് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും കടുത്ത പ്രതിഷേധം നേരിട്ടതിനെ തുടര്‍ന്ന് ഈ തീയതി മാറ്റിവെക്കുകയായിരുന്നു.