വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ
ചാലക്കുടി: വാട്സആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാടുക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്തിന്റെ രാജി ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. കാടുക്കുറ്റിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ മിണ്ടാനും പറയാനും എന്ന ഗ്രൂപ്പിലേക്കാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വീഡിയോ അബദ്ധത്തില്‍ അയച്ചതാണെന്നാണ് പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ പറഞ്ഞത്.