ഏതു പുതിയ ഫോൺ വാങ്ങിയാലും അത് പൊലീസുകാർ കൊണ്ടുപോകും,ഈ ഫോൺ കൂടെ കൊണ്ടുപോകരുതേ എന്നാണ് എന്റെ ആഗ്രഹം:വൈറലായി ദിലീപ് തഗ്
കൊച്ചി:മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലെത്തിയ നടൻ ദിലീപിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഈയിടെയായി ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ താനാണെന്നും ഏതു പുതിയ ഫോൺ വാങ്ങിയാലും അത് പൊലീസുകാർ കൊണ്ടുപോകുന്ന അവസ്ഥയാണെന്നും താരം പറഞ്ഞു. ദിലീപിന്റെ തഗ് മറുപടി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ തുടങ്ങിയവരും ദിലീപിനൊപ്പം വേദിയിലുണ്ടായിരുന്നു.
‘മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് ഞാൻ’, ദിലീപ് പറഞ്ഞു.
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമന്നയാണ് നായികയായി എത്തുന്നത്. കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സില്‍ ആണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത. ഇതിനായി സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്ന് പറയുന്ന ഹർജിയിൽ, വിചാരണ കോടതി പ്രോസിക്യൂഷനോട് മുൻ വിധിയോടെ പെരുമാറിയെന്നും ആരോപിക്കുന്നുണ്ട്.
വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
നടി കേസിലെ വിചാരണ പ്രത്യേക കോടതിയിൽ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടർച്ചയാണെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിൻസിപൽ സെഷൻസ് കോടതിയിൽ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണം. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും, പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവായി സമർപ്പിച്ച ഓഡിയോ ക്ലിപ്പിന് അധികാരികതയില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിക്ക് എതിരായിട്ടുള്ള ആരോപണങ്ങളെല്ലാം കോടതി തള്ളിയിരുന്നു.