സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സിന്‍റെ വിജയലക്ഷ്യം ഫില്‍ സോള്‍ട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സോള്‍ട്ട് 47 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെയര്‍സ്റ്റോ 26 പന്തില്‍ 48 റണ്‍സടിച്ചു പുറത്താകാതെ നിന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 180-4, ഇംഗ്ലണ്ട് 17.3 ഓവറില്‍ 181-2.
വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ക്യാപ്റ്റ്ൻ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടത്തില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സടിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ബട്‌ലര്‍(22 പന്തില്‍ 25) മടങ്ങിയപ്പള്‍ പിന്നീട് വിന്‍ഡീസ് പിടിമുറുക്കി. വണ്‍ ഡൗണായി എത്തിയ മൊയീന്‍ അലിക്ക് സോള്‍ട്ടിനൊപ്പം തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 83 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിനൊന്നാം ഓവറില്‍ മൊയീന്‍ അലി(10 പന്തില്‍ 13) പുറത്തായ ശേഷം ക്രീസിലെത്തിയ ജോണി ബെയര്‍സ്റ്റോ സോള്‍ട്ടിനൊപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി.
https://x.com/StarSportsIndia/status/1803637619936333915
12-ാം ഓവറില്‍ 100 കടന്ന വിന്‍ഡീസിന് അവസാന എട്ടോവറില്‍ ജയിക്കാന്‍ 80 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാലാം ഓവറില്‍ 14 റണ്‍സടിച്ച സോള്‍ട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന് പതിനഞ്ചാം ഓവറില്‍ 16ഉം റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 16ാം ഓവറില്‍ 30ഉം റണ്‍സടിച്ച് 97 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കി. 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സോള്‍ട്ട് പിന്നീട് നേരിട്ട ഒമ്പത് പന്തില്‍ 37 റണ്‍സടിച്ചു. സോള്‍ട്ട് ഏഴ് ഫോറും അഞ്ച് സികസും പറത്തിയപ്പോള്‍ ബെയര്‍സ്റ്റോ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും ഫിനിഷിംഗില്‍ പിഴച്ചു. ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗ്(13 പന്തില്‍ 23) റിട്ടയേര്‍ഡ് ഹര്‍ട്ടായശേഷം ജോണ്‍സണ്‍ ചാള്‍സും(34 പന്തില്‍ 38), നിക്കോളാസ് പുരാനും(32 പന്തില്‍ 36) മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റൻ റൊവ്മാന്‍ പവലും(17 പന്തില്‍ 36), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(15 പന്തില്‍ 28*) ചേര്‍ന്നാണ് വിന്‍ഡീസിനെ 180ല്‍ എത്തിച്ചത്.