വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാന്‍ ‘വാട്ടര്‍ ബെല്‍’ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്ത, വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും.
തൂശ്ശൂര്‍ ചേലക്കരയില്‍ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ കുട്ടികള്‍കള്‍ക്ക് വെള്ളം കുടിക്കാനായി ദിവസത്തില്‍ രണ്ട് തവണ ബെല്ലടിക്കുന്ന പദ്ധതിക്ക് തുടക്കമായി. ”വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് കുടിക്കാന്‍ വെള്ളം കൊണ്ടുവരുന്നുണ്ട്. സ്‌കൂളിലും കുടിവെള്ളം ലഭ്യമാണ്. എന്നാലും കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. വെള്ളം കുടിക്കാത്തതു കാരണം മൂത്രസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വെള്ളം കുടിക്കാന്‍ പറയുന്നത്.
മൂത്രമൊഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനായി പെണ്‍കുട്ടികള്‍ മനപ്പൂര്‍വ്വം വെള്ളം കുടിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്” -പ്രധാന അധ്യാപക ഷീബ പിഡി പറയുന്നു.