CrimeKeralaNews

ഭാര്യയുടെ പരാതിയിൽ കസ്റ്റഡിയിലെടുക്കാനെത്തി; പൊലീസ് കാത്തുനിൽക്കെ ഭർത്താവ് തൂങ്ങിമരിച്ചു

കൊല്ലം: ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ തൊട്ടു പിന്നാലെ ‍വീടിനുള്ളിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളിൽ കടന്നയാൾ തിരികെ വരു‌ന്നതും കാത്ത് പൊലീസ് പുറത്തു നിൽക്കുമ്പോഴാണ് ജീവനൊടുക്കിയത്. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരി(45) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു

പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംക്‌ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. 

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂട്ടറിൽ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പിൽ പിന്തുടർന്നതു നാട്ടുകാർ കണ്ടിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ വീടു വളഞ്ഞ് പൊലീസ് ശ്രീഹരിയെ പിടികൂടി. ജീപ്പിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കവേ വളർത്തു മൃഗങ്ങൾ‍ക്ക് വെള്ളം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് അനുവാദത്തോടെ ജീപ്പിൽ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കതകടച്ച് ഉള്ളിലേക്കു പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. 

സംശയം തോന്നിയ പൊലീസ് സംഘം  നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശ്രീഹരി കൊല്ലം കലക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യ അസാലയെ ഉപദ്രവിക്കുമായിരുന്നെന്നാണു പരാതി. പരാതി നൽകിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാൽ ശ്രീഹരിയെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണു കൊട്ടാരക്കര പൊലീസ് പറയുന്നത്. 

വീട്ടിൽ നിന്നു വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിനു സംരക്ഷണം തേടി ഭാര്യ കൊട്ടാരക്കര പൊലീസിനെ സമീപിച്ചിരുന്നു. ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ്  വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.  ശ്രീഹരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മക്കൾ: ആദിത്യ, കാർത്തിക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button