മോസ്കോ: റഷ്യ-യുക്രൈൻ (Russia-Ukraine) യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.
യുദ്ധം മൂന്ന് തലങ്ങളിലാണ് നടക്കുന്നത്. യുക്രെയ്ൻ നഗരങ്ങളിൽ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടമാണ് ഒന്നാം തലം, രണ്ടാം തലം സാമ്പത്തിക മേഖലയിലാണ്. റഷ്യയെ ഉപരോധങ്ങളേർപ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. മൂന്നാം പോർമുഖം ഇന്റർനെറ്റാണ്. വാർത്തയേത് വ്യാജവാർത്തയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് വിവരങ്ങൾ. യുക്രൈൻ ആക്രമണം ന്യായീകരിച്ച് കൊണ്ടുള്ള റഷ്യൻ പ്രോപഗണ്ട ഒരു വശത്ത്. അതിനിടം നൽകാതിരിക്കാൻ യുക്രൈൻ ചെറുത്തുനിൽപ്പിനെ പെരുപ്പിച്ച് കാട്ടിയും സെലൻസ്കിയെ ഹീറോയാക്കിയും നടക്കുന്ന പടിഞ്ഞാറൻ ക്യാമ്പയിൻ മറുവശത്ത്.
റഷ്യയെ മോശമാക്കുന്ന വാർത്തകളോട് പുടിന് താൽപര്യമില്ല, അത് പരക്കുന്നത് തടയാൻ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോൾ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തെക്കുറിച്ചുള്ള റഷ്യൻ ന്യായീകരണങ്ങളെ ചെറുക്കാൻ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. റഷ്യൻ സേനയ്ക്കെതിരെ ‘ വ്യാജ’ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താണ് പുടിന്‍റെ മറുപടി. ബിബിസി റഷ്യയിലെ പ്രവർത്തനങ്ങൾ ഈ ഉത്തരവിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്.
ഇന്റർനെറ്റിൽ നിന്ന് തന്നെ റഷ്യയെ പുറത്താക്കണമെന്ന് യുക്രെയ്ൻ ഇതിനിടെ ട്വിറ്ററിലൂടെ Internet Corporation for Assigned Names and Numbers നോട് ആവശ്യപ്പെട്ട് കളഞ്ഞു. യോജിക്കുന്നില്ലെന്നും,ഇത്തരം വിഷയങ്ങളിൽ ഇടപെടാനാകില്ലന്നുമാണ് ഇതിന് ഐകാൻ നൽകിയ മറുപടി. റഷ്യൻ വെബ് സൈറ്റുകൾക്കെതിരായ ഹാക്കർമാരുടെ യുദ്ധവും ഒരു വശത്ത് തുടരുന്നു. റഷ്യൻ ഉപഗ്രഹങ്ങളെ വരെ ഉന്നം വയ്ക്കുകയാണ് അനോണിമസ് അടക്കമുള്ള സംഘടനകൾ. യുദ്ധം തുടരുകയാണ്, പീരങ്കികളും തോക്കുകളും നിശബ്ദമായാലും, ഈ സൈബർ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് വ്യക്തം.
യുദ്ധത്തിന്റെ ഒൻപതാം ദിവസം യുക്രൈൻ്റെ തെക്കൻ തീര മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിൽ തുടരുമ്പോൾ ആണ് തെക്കൻ തീരം പിടിക്കാൻ യുക്രൈൻ രൂക്ഷമായ ആക്രമണം നടത്തുന്നത്. കാർക്കിവിലും പോരാട്ടം തുടരുകയാണ്. അതേസമയം കീവിനെ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കം മന്ദഗതിയിലാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. യുദ്ധത്തിന് മുന്നോടിയായി യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈനികരിൽ 90 ശതമാനവും യുക്രൈനിലേക്ക് കടന്നു.