ബെംഗളൂരു•:ജോലിഭാരം കുറയ്ക്കാനും സ്വസ്ഥമാകാനും വേണ്ടിയാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിഞ്ഞതെന്ന് വിരാട് കോലി. ഒരിടത്തും കടിച്ചുതൂങ്ങിക്കിടക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ കോലി, പറ്റില്ലെന്നു തോന്നിയാൽ വിട്ടുകളയുന്നതാണ് തനിക്കിഷ്ടമെന്നും വെളിപ്പെടുത്തി. ഐപിഎൽ 15–ാം സീസൺ ഒരു മാസം മാത്രം അകലെ നിൽക്കെയാണ് കോലിയുടെ പ്രതികരണം.
ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനവും കോലി കൈവിട്ടിരുന്നു. ഇതിൽ ഏകദിന ഫോർമാറ്റിൽനിന്ന് കോലിയെ ഒഴിവാക്കിയപ്പോൾ ട്വന്റി20, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനം താരം രാജിവയ്ക്കുകയായിരുന്നു.
‘ആവശ്യത്തിലധികം ഒരിടത്തും കടിച്ചുതൂങ്ങുന്ന വ്യക്തിയല്ല ഞാൻ. എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെങ്കിലും, താൽപര്യം നഷ്ടമായാൽ അതു വിട്ടുകളയുന്നതാണ് ഇഷ്ടം’ – കോലി വെളിപ്പെടുത്തി.
ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയത്ത് ക്രിക്കറ്റ് താരങ്ങളുടെ മനസ്സിലെന്താണെന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കോലി അഭിപ്രായപ്പെട്ടു.
‘നാം നേരിടുന്ന വെല്ലുവിളികളിലൂടെ കടന്നുപോയിട്ടില്ലാത്തവർക്ക് ഇത്തരം തീരുമാനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. പുറത്തുള്ള ആളുകൾക്ക് അവരുടേതായ ഇഷ്ടങ്ങളും പ്രതീക്ഷകളും കാണും. ഇത് എങ്ങനെ സംഭവിച്ചു, ഞങ്ങൾ ഞെട്ടി എന്നെല്ലാം അവർ പ്രതികരിക്കും. സത്യത്തിൽ ഇക്കാര്യത്തിൽ ഞെട്ടാനൊന്നുമില്ല. എനിക്ക് ജോലിഭാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമായി വന്നു. കുറച്ചു സ്വസ്ഥതയും വേണമെന്നു തോന്നി. അത്രയുള്ളൂ’ – കോലി പറഞ്ഞു.