NationalNews

Kodanad case : കോടനാട് എസ്റ്റേറ്റ് കൊള്ള, കൊല; വി കെ ശശികലയെ ചോദ്യം ചെയ്യുന്നു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലക്കേസിൽ പ്രത്യേക അന്വേഷണ സംഘം വി കെ ശശികലയെ ചോദ്യം ചെയ്യുന്നു. നീലഗിരിയിൽ നിന്ന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ചെന്നൈ ടി നഗറിലെ വീട്ടിൽ വച്ചാണ് ശശികലയെ ചോദ്യം ചെയ്യുന്നത്. 2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊള്ളയടിക്കപ്പെട്ടത്. എസ്റ്റേറ്റിൽ ഉണ്ടായിരുന്ന വസ്തുവകകളും രേഖകളും എന്തൊക്കെ എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്.

2017 ഏപ്രിൽ 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്‍റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവിലായിരുന്നു.

ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനൽ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്. സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തു. 

ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. ഇതിനിടെ കേസിലെ പ്രതി കെ.വി.സൈൻ നീലഗിരി ജില്ലാ കോടതിയിൽ നിന്ന് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവ് സമ്പാദിച്ചു. ഇത് പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. പളനിസ്വാമിയടക്കം പ്രമുഖരെയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.

എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്ഥയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ശശികലയുടെ അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടിടിവി ദിനകരൻ ആവശ്യപ്പെട്ടു. കേസ് ദുർബലമാകുമോ രാഷ്ട്രീയമായ പൊട്ടിത്തെറികളിലേക്ക് നയിക്കുമോ എന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശശികലയുടെ വെളിപ്പെടുത്തലുകൾ അനുസരിച്ചിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker