KeralaNews

വിസ്മയ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നു; പീഡനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പോലീസ്

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ട മാനസിക പീഡനങ്ങളെ തുടര്‍ന്ന് വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നതായി പോലീസ്. അസി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവ് കൗണ്‍സലിങ് വിദഗ്ധനില്‍ നിന്നു പോലീസിന് ലഭിച്ചു.

കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗണ്‍സലിങ് വിദഗ്ധന്‍ പോലീസിനു കൈമാറി. താന്‍ നേരിടുന്ന നിരന്തര പീഡനങ്ങളെ കുറിച്ച് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പറഞ്ഞിരുന്നു. ഇവരില്‍ നിന്നെല്ലാം വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം വിസ്മയ മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി. എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ അല്‍പം മാത്രം ഉയരക്കൂടുതലുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പോലീസിനെ തുടക്കം മുതല്‍ കുഴക്കുന്നുണ്ട്.

ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker