KeralaNews

വിനായകൻ കലാകാരൻ, പോലീസ് സ്റ്റേഷനിൽ നടന്നത് കലാപ്രവർത്തനമായി കണ്ടാൽ മതി: സജി ചെറിയാൻ

കൊല്ലം: നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം വിനായകന്‍റെ കലാപ്രവർത്തനമായി കണ്ടാൽ മതിയെന്ന് സജി ചെറിയാൻ പറഞ്ഞു. എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘വിനായകൻ ഒരു കലാകാരനാണ്. അത് കലാപ്രവർത്തനമായി കണ്ടാൽ മതി. പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാർക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നേ ഉള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല’, മന്ത്രി പറഞ്ഞു.

സിനിമകളെ തകർക്കാനായി റിവ്യൂ ബോംബുകൾ നടത്തുന്നു എന്ന പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസ് പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നടന്‍ വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. എല്ലാവരും സ്റ്റേഷനില്‍ മാന്യത പാലിക്കണമെന്നും പോലീസിനെ ദുര്‍ബലപ്പെടുത്തരുതെന്നും ഇപി പറഞ്ഞു. വിനായകന്‍ മാന്യത പാലിച്ചില്ലെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും പോലീസിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടെങ്കില്‍ പരാതി നല്‍കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നും ഇപി പറഞ്ഞു.

‘എല്ലവരും ഇതില്‍ ഒരു മാന്യത പാലിക്കണം. പോലീസ് സ്‌റ്റേഷനാണിതെന്ന് അംഗീകരിക്കണം. പോലീസിനെ ദുര്‍ബലപ്പെടുത്തരുത്. പോലീസിനെ നിര്‍വീര്യമാക്കിയാല്‍ വലിയ ആപത്താണ്. ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് തെറ്റായ ഒരു കാര്യവും ചെയ്യുന്നില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രേഖാമൂലം എഴുതികൊടുത്താല്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും’ -ഇപി പറഞ്ഞു. സഖാവായതിനാല്‍ വിനായകന് പ്രത്യേക പ്രിവിലേജ് കിട്ടിയെന്ന പ്രചാരണം സംബന്ധിച്ച ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് പോലീസ് സ്റ്റേഷനില്‍ കസേര വരെയുണ്ടെന്ന് പണ്ടൊക്കെ പലരും പ്രചരിപ്പിച്ചിരുന്നു. ഇപ്പം അത് പറയുന്നില്ല. ഒരു സ്‌റ്റേഷനിലും തെറ്റായിട്ടുള്ള ഒരു നടപടിയേയും ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും നേതാവും ഇടപെടാറില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഇപി പറഞ്ഞു.

പൊലീസുകാരെ ഭീഷണിപ്പെടുത്തി, മദ്യപിച്ച് ബഹളമുണ്ടാക്കി എന്നീ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജോ എന്ന ഉമാ തോമസിന്റെ പ്രതികരണം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിനായകന്റെ പ്രതികരണം.

വിനായകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നതെന്നാണ് ഉമ തോമസ് പറഞ്ഞത്. സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്.

പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയില്‍ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു. പാര്‍ട്ടി ബന്ധമുണ്ടെങ്കില്‍ പൊലീസിടപെടല്‍ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു. 

അതേസമയം, വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി രംഗത്തെത്തി. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.

പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വീഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പ് കൂടി ചുമത്തും. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തും.

മുമ്പും വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. രക്ത സാമ്പിള്‍ പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്താനാകും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാല്‍ മാത്രമേ ജാമ്യമില്ലാ വകുപ്പ് നിലനില്‍ക്കുവെന്നും കൊച്ചി ഡിസിപി ശശിധരന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker