ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് കമല്‍ ഹാസനെ (Kamal Haasan) ടൈറ്റില്‍ കഥാപാത്രമാക്കി ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്‍ത വിക്രം (Vikram). കമലിനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലും വന്‍ പ്രദര്‍ശനവിജയമാണ് നേടിയത്. 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 31 കോടിയാണ് നേടിയത്. റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടികളുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്‍ കേരളത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജും സംഗീത സംവിധാകന്‍ അനിരുദ്ധും കേരളത്തില്‍ എത്തിയിരിക്കുകയാണ്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തൃശൂര്‍ രാഗം തിയറ്ററിലാണ് ഇരുവരും എത്തിയത്. യുവാക്കളായ സിനിമാപ്രേമികളുടെ വലിയ സംഘമാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരുവരെയും കാത്ത് അണിനിരന്നത്. ചലച്ചിത്ര താരങ്ങളെ കാണാന്‍ എപ്പോഴും വലിയ ജനാവലി ഉണ്ടാവാറുണ്ടെങ്കിലും ഒറു സംവിധായകനെ കാണാന്‍ പ്രേക്ഷകര്‍ ഇത്ര ആവേശത്തോടെ എത്തുന്നത് അപൂര്‍വ്വമാണ്. കൊച്ചിയില്‍ വൈകിട്ട് ഇരുവരും മാധ്യമപ്രവര്‍ത്തകരെയും കാണുന്നുണ്ട്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ 300 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. വെറും 10 ദിനങ്ങളിലാണ് ചിത്രത്തിന്‍റെ ഈ അവിസ്മരണീയ നേട്ടം. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. തമിഴ്നാട്ടില്‍ നിന്നു മാത്രം 127 കോടിയാണ് വിക്രം ഇതിനകം നേടിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടി, കേരളത്തില്‍ നിന്ന് 31 കോടി, കര്‍ണാടകത്തില്‍ നിന്ന് 18.75 കോടി, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ കണക്കുകള്‍. അതേസമയം രണ്ടാം വാരാന്ത്യത്തിലും കളക്ഷനില്‍ വലിയ ഇടവ് രേഖപ്പെടുത്തിയിട്ടില്ല ചിത്രം. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ പലതും ചിത്രം തിരുത്തിയെഴുതുമെന്നാണ് കരുതപ്പെടുന്നത്.