മലയാളത്തില്‍ പാടില്ലെന്ന വാര്‍ത്ത ശരിയോ? വിശദീകരണവുമായി വിജയ് യേശുദാസ്
കൊച്ചി:താൻ ഇനി മലയാള സിനിമയിൽ പാടില്ല എന്ന പരാമർശത്തിൽ വിശദീകരണവുമായി ഗായകൻ വിജയ് യേശുദാസ് രംഗത്ത്. തെറ്റായ തലക്കെട്ടുകള്‍ കാരണമാണ് തന്റെ അഭിപ്രായത്തിനെതിരേ ആളുകള്‍ രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസിന്റെ വിശദീകരണം.
ആ അഭിമുഖത്തില്‍ ഒരു വലിയ പ്രശ്‌നത്തെക്കുറിച്ചാണു താന്‍ സംസാരിച്ചത്. ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടുകളാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കില്ലെന്നാണു പറഞ്ഞത്. അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും വിജയ് യേശുദാസ് പറഞ്ഞു.
സിനിമയില്‍ നിന്നും പിന്നണി ഗാനരംഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കും. അതു മാത്രമല്ല സംഗീതം. മലയാളത്തിലെ സ്വതന്ത്ര സംഗീത മേഖലയില്‍ ഞാന്‍ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും മലയാള സിനിമയില്‍ ഇനി പാടില്ലെന്നുമാണ് വിജയ് യേശുദാസ് നേരത്തെ പറഞ്ഞത്. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ലെന്നും അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും വിജയ് പറയുന്നു.