അധികാരത്തര്‍ക്കം; വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു
ചെന്നൈ: ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൊല്ലപ്പെട്ടു. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠനാണ്(36) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയില്‍ നെല്ലിക്കുപ്പത്തായിരുന്നു സംഭവം നടന്നത്.
ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. പെയിന്റിംഗ് ജോലിക്കാരനാണ് കൊല്ലപ്പെട്ട മണികണ്ഠന്‍.
ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി മണികണ്ഠനും രാജശേഖര്‍ എന്നയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകത്തില്‍ രാജശേഖര്‍ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് മാസം കഴിഞ്ഞാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് മണികണ്ഠനെ പ്രസിഡന്റാക്കിയത്. എന്നാല്‍ പിന്നീട് മണികണ്ഠന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. ഇതാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായത്.
പലതവണ മണികണ്ഠനും രാജശേഖറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നിരുന്നു. പ്രസിഡന്റ് സ്ഥാനമെന്ന നിലപാടില്‍ രാജശേഖര്‍ വിട്ടുവീഴ്ച ചെയ്തില്ല. അതിനിടയ്ക്ക് ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടാകുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് രാജശേഖര്‍ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഫാന്‍സ് അസോസിയേഷനില്‍ പ്രസിഡന്റ് സ്ഥാനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് രാജശേഖര്‍ സ്വന്തമായി ഒരു പുതിയ ആരാധക സംഘടനയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല.