തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിജയ് പി. നായര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് വിജയിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിനെതിരെ സ്ത്രീകളുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 509 പ്രകാരവും, കേരള പോലീസ് ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് വിജയ് പി. നായര്‍ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തിട്ടുള്ളത്.
പിന്നീട് വനിതാസംഘം നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 354 പ്രകാരം ഇയാള്‍ക്കെതിരേ തമ്പാനൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്. യുട്യൂബ് ചാനലിലെ വീഡിയോയെ സംബന്ധിച്ച് ചോദിക്കാന്‍ ചെന്ന തങ്ങളെ വിജയ് പി. നായര്‍ അപമാനിച്ചു എന്ന് കാണിച്ച് വനിതകള്‍ നല്‍കിയ പരാതിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം വിജയ് പി. നായര്‍ നല്‍കിയ പരാതിയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കയറല്‍, മര്‍ദനം തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വനിതാ സംഘത്തിനെതിരേ കേസെടുത്തത്. വിജയ് പി. നായരുടെ ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് വനിതകള്‍ക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസിന് ലഭിച്ച പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചിരുന്നു.