വിജയ് ചിത്രം ബിഗില്‍ വിജയിക്കാന്‍ ‘മണ്‍ ചോറ്’ തിന്ന് ആരാധകര്‍
ഇഷ്ടതാരങ്ങളുടെ സിനിമകള്‍ വിജയിക്കാനായി പൂജകള്‍ ചെയ്യുക, തല മൊട്ടയടിക്കുക, തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നത് തമിഴകത്ത് പതിവാണ്. വിജയ്യുടെ പുതിയ സിനിമയായ ബിഗില്‍ യാതൊരു തടസ്സവും ഇല്ലാതെ റിലീസ് ചെയ്യാനായി ‘മണ്‍ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.
പാത്രത്തിനു പകരം നിലത്തിരുന്ന് ചോറു വിളമ്പിക്കഴിക്കുന്നതാണ് ഈ ചടങ്ങ്. മൈലാടുതുറയിലെ ശ്രി പ്രസന്ന മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ആരാധകര്‍ ഈ ചടങ്ങ് നടത്തിയത്. വിജയ്യുടെ ഫോട്ടോയും കയ്യില്‍ പിടിച്ച് നിലത്തു വിളമ്പിയ ചോറു വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിന്റെ വിവിധ ഭാഗത്തു നിന്നെത്തിയ ആരാധകരാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം വിജയ് ആരാധകര്‍ കാത്തിരുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുക. കേരളത്തില്‍ 250 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. കൂടാതെ കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളുണ്ട്. പുലര്‍ച്ചെ നാലു മണിക്കാണ് ഫാന്‍സ് ഷോ. തമിഴ്നാട്ടില്‍ ഏകദേശം 700 സ്‌ക്രീനുകളിലും, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും കര്‍ണാടകയില്‍ 400ലും നോര്‍ത്ത് ഇന്ത്യയില്‍ 250 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യക്കു പുറത്ത് യു.എസ്എ, യുകെ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും.