മദ്യപിക്കുന്നവരെ നഗ്നരാക്കി മര്‍ദ്ദിച്ച് മാപ്പ് പറയിക്കും! പോലീസിന് തലവേദനയായി ജാഗ്രത കൂട്ടം; വീഡിയോ വൈറല്‍
മുബൈ: മദ്യപിക്കുന്നവരെ നഗ്നരാക്കി മര്‍ദ്ദിച്ച് മാപ്പ് പറയുന്ന സംഘം പോലീസിന് തലവേദനയാകുന്നു. മഹാരാഷ്ട്രയിലെ ശിവജി കോട്ടകളില്‍ മദ്യപിക്കാന്‍ എത്തുന്നവരെയാണ് വിജിലന്റ് ഗ്രൂപ്പ്(ജാഗ്രതക്കൂട്ടം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ശിക്ഷിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇവരുടെ ചെയ്തികള്‍ ഇവര്‍ തന്നെയാണ് ഷൂട്ട് ചെയ്ത് പുറത്തു വിടുന്നത്.
പുതുവര്‍ഷത്തലേന്ന് റെയ്ഗാഡ് ജില്ലയിലെ കര്‍ജതിന് അടുത്തുള്ള ശിവജി കോട്ടയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ പത്തംഗ സംഘത്തെ ഇവര്‍ മര്‍ദിച്ച് തുണികള്‍ വലിച്ചുരിഞ്ഞ് മാപ്പ് പറയിക്കുന്ന വിഡിയോയാണ് ഏറ്റവും അവസാനം വൈറലായത്. പത്തുപേരെയും തറയില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മുട്ടുകുത്തി നിര്‍ത്തുന്നതും പേര് പറഞ്ഞ് പരിചയപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതും ശിവജിയെ ബഹുമാനിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.