സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ കുടുക്കാന്‍ വിജിലന്‍സ് സെല്‍ വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലി വാങ്ങുന്നതും നിരീക്ഷിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെല്‍ രൂപീകരിക്കുക. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്നാണ് വിജിലന്‍സ് ആവശ്യം. ആരോഗ്യ വകുപ്പിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
അന്തിമ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സെല്ലിലെ അംഗങ്ങളുടെ എണ്ണം, ഘടന എന്നിവ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്റുടെമാരുടെ സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ നിരോധിച്ചതാണ്. എന്നിട്ടും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസിങ് നടത്തുന്നുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ശസ്ത്രക്രിയയ്ക്കും മറ്റുമായി ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.