യു.പി പോലീസിന്റെ വാദം പൊളിയുന്നു; പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്
ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്ന യു.പി പോലീസിന്റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പോലീസുമായി ഏറ്റുമുട്ടിയവര്‍ക്കു നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിംഗ് പറഞ്ഞത്. എന്നാല്‍ മീററ്റില്‍ കൊല്ലപ്പെട്ട അഞ്ചു പേര്‍ക്കും വെടിയുണ്ടയേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് പോലീസ് വെടിയുതിര്‍ത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പോലീസുകാരന്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശനിയാഴ്ച പൗരത്വ നിയമത്തിനെതിരേ കാണ്‍പൂരില്‍ വന്‍ പ്രതിഷേം നടന്നിരുന്നു. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനെയാണ് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സേഫ്റ്റി ജാക്കറ്റും ഹെല്‍മറ്റും ധരിച്ച പോലീസുകാരനാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത്. ഇയാള്‍ ബാറ്റണും റിവോള്‍വറും പിടിച്ച് പ്രതിഷേധക്കാര്‍ക്ക് അടുത്തേക്കു നീങ്ങുന്നതും ഒരു വശത്തേക്കു മാറിനിന്ന് ഇയാള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. എന്നാല്‍ പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പത്തു മരണം മാത്രമാണുള്ളത്. കാണ്‍പൂരില്‍ പോലീസുകാരന്‍ അടക്കം മൂന്നുപേര്‍ക്കു വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. രാംപൂരില്‍ ശനിയാഴ്ചയും ആളുകള്‍ കൊല്ലപ്പെട്ടു. എട്ടു വയസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വാരാണസിയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് തുരത്തിയോടിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് എട്ടു വയസുകാരന്‍ മരിച്ചത്.