തിരുവനന്തപുരം: നെറ്റ്‌വർക്ക് തകരാറിലായതിന്റെ കാരണം സംബന്ധിച്ച് വിശദീകരണവുമായി ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വി. ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെട്ടത്. നെറ്റ് വര്‍ക്കിലുണ്ടായ തകരാറ് പരിഹരിച്ചതായും സര്‍വ്വീസ് പൂര്‍ണമായ രീതിയില്‍ പുനസ്ഥാപിച്ചതായും വി അറിയിച്ചു.
ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്ന സൂചനകളാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായും, എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നും വി വിശദമാക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. സംസ്ഥാനത്തുടനീളം വിയുടെ സേവനം തടസപ്പെട്ടിരുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടു. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്.