അന്ധവിദ്യാലയത്തിലെ ക്ലാസ് മുറിയിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക്, രണ്ട് ഗായകരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച് വെള്ളം സിനിമ
കൊച്ചി:കണ്ണൂർ പശ്ചാത്തലമായി വെള്ളം എന്ന സിനിമ ഇറങ്ങുമ്പോൾ രണ്ട് പുതിയ ഗായകർ കൂടി എത്തുകയാണ്. കണ്ണൂർ വാരത്ത് നിന്നും അനന്യയും തളിപ്പറമ്പിൽ നിന്നും വിശ്വനാഥനും.
രണ്ട് പേർക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. അന്ധതയെ സംഗീതം കൊണ്ട് അതിജീവിച്ചതാണ് അനന്യയെന്ന ഒമ്പതുവയസ്സുകാരി. ധർമശാല മാതൃകാ അന്ധവിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനന്യ ക്ലാസ് മുറിയിലിരുന്ന് പാടിയ പാട്ട് സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട വെള്ളത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ആണ് അനന്യയ്ക്ക് സിനിമയിൽ അവസരം നൽകുന്നത്. ബിജിപാലിന്റെ സംഗീതത്തിൽ പുലരിയിൽ അച്ഛന്റെ എന്നു തുടങ്ങിയ പാട്ട് വലിയ ഹിറ്റായി മാറി. സിനിമയിൽ പ്രാർത്ഥനാഗാനമായാണ് പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. കാഴ്ചപരിമിതികൾ ഉള്ളതിനാൽ വരികൾ മനപാഠമാക്കിയാണ് അനന്യ പാടിയത്.
മകളെ പാട്ടുകാരിയാക്കുക എന്നതാണ് വലിയ ആഗ്രഹമെന്ന് അനന്യയുടെ അമ്മ പ്രജിഷയും അച്ഛൻ പുഷ്പനും പറയുന്നു.സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും മകളെ സംഗീതം പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശിയായ വിശ്വനാഥൻ എന്ന പാരലൽ കോളേജ് അധ്യാപകൻ തന്റെ അമ്പതാം വയസ്സിലാണ് സിനിമാഗാനശാഖയിലേക്ക് ചുവടുവയ്ക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയ ഒരു കുറി കണ്ടാൽ എന്ന മനോഹരമായ മെലഡിയാണ് വിശ്വനാഥൻ ആലപിച്ചിരിക്കുന്നത്.കർണാടക സംഗീതം അഭ്യസിച്ച്, സ്കൂളിലും കോളേജിലുമൊക്കെ പാട്ട് പാടി തിളങ്ങിയ വിശ്വൻ മാഷിന് പക്ഷേ അവസരങ്ങൾ കിട്ടിയിരുന്നില്ല. തളിപ്പറമ്പ് മിൽട്ടൻസ് പാരലൽ കോളേജിലാണ് വിശ്വൻമാഷ് പഠിപ്പിച്ചിരുന്നത്.
അവിടെ പഠിച്ചിരുന്ന മുരളിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെള്ളം ഒരുക്കിയത്. സംവിധായകൻ പ്രജേഷ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഒരു സദസ്സിൽ പാടിയ പാട്ട് ആണ് സിനിമയിലേക്ക് വഴി തുറന്നത്.
ക്യാപ്റ്റന് ശേഷം ജയസൂര്യ പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ ഈ മാസം 22ന് ആണ് റിലീസ് ചെയ്യുന്നത്. ലോക്ഡൗണിന് ശേഷം തീയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറ്ങ്ങിയ ട്രെയിലർ ഹിറ്റായിരുന്നു.കണ്ണൂർ തളിപ്പറമ്പിലെ മുഴുക്കുടിയനായ മുരളിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെള്ളം ഒരുക്കിയിരിക്കുന്നത്.