ബംഗലൂരു: 45 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനവുമായി ഫ്‌ലിപ്പ്കാര്‍ട്ട് . വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുകയാണ് ഫ്‌ലിപ്പ്കാര്‍ട്ട്. നിലവില്‍ ബെംഗളൂര്‍ നഗരത്തിലാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനം ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.
ഇന്ത്യയില്‍ അവശ്യസാധാന വിതരണത്തില്‍ റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെ പ്രരിപ്പിച്ചത് എന്നാണ് വിവരം. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട്, ഡണ്‍സോ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ 15-20 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പുതിയ സമയക്രമം. 10-20 മിനിറ്റിനുള്ളില്‍ ഡോര്‍ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് പറയുന്നത്. ഇതുകൊണ്ടാണ് ക്വിക്ക് സര്‍വീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.
ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡെലിവറി സേവനം നിലവില്‍ 14 നഗരങ്ങളില്‍ ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫ്‌ലിപ്കാര്‍ട്ട് പദ്ധതിയിടുന്നത്. നിലവില്‍ ഹൈദരാബാദിലും ബെംഗളൂരിലും മാത്രം ലഭ്യമാകുന്ന ഫ്രഷ് വെജിറ്റബിള്‍, പഴയങ്ങള്‍ അധികം താമസിയാതെ കൂടുതല്‍ നഗരങ്ങളിലേക്ക് ഡോര്‍ ഡെലിവറി സേവനം വ്യാപിപ്പിക്കാനും ഫ്‌ലിപ്കാര്‍ട്ട് പദ്ധതിയിടുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് കമ്പനി പുതിയ സേവനമായ ‘ഫ്ളിപ്കാര്‍ട്ട് ക്വിക്’ ബെംഗളൂരുവില്‍ അവതരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ 2,000 ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ എത്തിച്ചു കൊടുക്കാനായിരുന്നു കമ്പനി ആദ്യം ഉദ്ദേശിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ആണ് എത്തിച്ചിരുന്നത്.
ദിവസവും ഏതു സമയത്തും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ എത്തിച്ചു കിട്ടണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ വേണമെന്നും ആവശ്യപ്പെടാം. പിന്‍ കോഡ് കേന്ദ്രീകൃത ഡെലിവറി സിസ്റ്റമല്ല ഇതിനായി ഉപയോഗിക്കുന്നത്.
മറിച്ച് ലാറ്റിറ്റിയൂഡ്, ലോഞ്ചിട്യൂഡ് സംവിധാനമാണ് ഡെലിവറിക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡെലിവറി വേഗത്തിലാക്കാമെന്നും അഡ്രസ് തെറ്റിപ്പോയി ഡെലിവറി ബോയ്സ് ചുറ്റിത്തിരിയുന്നതു കുറയ്ക്കാനാകുമെന്നും കമ്പനി കരുതുന്നു.
മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട് ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടുമായി വമ്പന്‍ പോരാട്ടത്തിന്. ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്ട്സ്ആപ്പുമായി സഹകരിക്കാനാണ് ജിയോ ഒരുങ്ങുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാനാവും. അംബാനിയുടെ ഇരട്ട മക്കളായ ആകാശും ഇഷയും മെറ്റയുടെ രണ്ടാം പതിപ്പായ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ ഓര്‍ഡറിംഗിന്റെ പ്രിവ്യൂ നല്‍കി.
വാട്ട്‌സ്ആപ്പ് വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ ‘ടാപ്പ് ആന്‍ഡ് ചാറ്റ്’ ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഡെലിവറി സൗജന്യമാണ്. കൂടാതെ മിനിമം ഓര്‍ഡര്‍ മൂല്യം ഇല്ല. ഉപഭോക്താവിന് അവരുടെ ഷോപ്പിംഗ് കാര്‍ട്ടുകള്‍ ആപ്പില്‍ നിറയ്ക്കാനും ജിയോ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറിയായോ പണമടയ്ക്കാം. ഇപ്പോള്‍ മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക്, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 9.99 ശതമാനത്തിന് 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു.
റിലയന്‍സിന്റെ നെറ്റ്വര്‍ക്കിലുള്ള 400 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെയും അര ദശലക്ഷം റീട്ടെയിലര്‍മാരെയും ബന്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോര്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയിലിന്റെ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത്.