സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി
![](https://breakingkerala.com/wp-content/uploads/2023/06/vijay-thalapathy.jpeg)
ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് നാടിന്റെ ശാപമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി വിജയ് നടത്തിയ സംവാദം വൻശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന സംവാദമായിരുന്നു ഇത്. അതുപോലെ പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയിയുടെ പരാമർശവും ചർച്ചയായിരുന്നു.
അതേസമയം താരത്തിന്റെ ജന്മദിനാഘോഷത്തിന് ആരാധക കൂട്ടായ്മ നൽകിയ അപേക്ഷ തിരുപ്പൂർ പൊലീസ് തള്ളി. വിജയിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ആരാധകർ. രാഷ്ട്രീയപ്രവേശന അഭ്യൂഹത്തിനിടെയാണ് ജന്മദിന ആഘോഷങ്ങൾ. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 10,12 ക്‌ളാസ്സുകളിൽ ഉന്നതവിജയം നേടിയവർക്ക് ആദരം നൽകുന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു നടൻ വിജയ്. വിജയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഈ പരിപാടി.
വേദിയിൽ ഇരിക്കാതെ സദസ്സിൽ വിദ്യാർഥികൾക്കൊപ്പമാണ് അന്ന് വിജയ് ഇരുന്നത്. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ വിജയ് ചൂണ്ടിക്കാട്ടിയത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം. അന്നത്തെ സംവാദത്തിൽ വിജയ് പറഞ്ഞു.