‘വായു’ വ്യാഴാഴ്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഗാന്ധിനഗര്‍: ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ‘വായു’ ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വായു വീശിയടിക്കുമെന്നാണു മുന്നറിയിപ്പ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍നിന്നു പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്തു വിന്യസിച്ചു. വ്യോമസേനയുടെ സി17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ല. എന്നാല്‍, ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ 13 വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.