കല്‍പറ്റ: വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍വഴിത്തിരിവ്. പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പ്പൊട്ടല്‍ അല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചിലാണ് പുത്തുമലയിലുണ്ടായതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒന്‍പത് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനം വ്യക്തമാക്കുന്നു.
പുത്തുമലയിലെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. അഞ്ച് ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയില്‍ വന്നുമൂടിയതെന്നും പഠനത്തില്‍ കണ്ടെത്തി.
ഒരാഴ്ചയോളം പുത്തുമലയില്‍ അതിതീവ്ര മഴ പെയ്തു. പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘന മീറ്റര്‍ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.
പ്രദേശത്ത് 1980കളില്‍ വലിയ തോതില്‍ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കായി നടത്തിയ മരം മുറിക്കല്‍ കാലാന്തരത്തില്‍ സോയില്‍ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണു മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിലെ വിലയിരുത്തല്‍.