വയനാട്ടിൽ വൻ ഉരുൾപൊട്ടൽ നിരവധി പേരെ കാണാതായതായി ആശങ്ക
വയനാട്: മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ.നിരവധി പേരെ കാണാതായതായി ആശങ്ക.
എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ സംഘം അടക്കം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ മേപ്പാടിയിലേക്ക് അടിയന്തരമായി തിരിച്ചിട്ടുണ്ട്. ദുരന്തം പുറം ലോകമറിഞ്ഞത് ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ്. ഈ വീഡിയോ എടുത്ത ആളെ പോലും ബന്ധപ്പെടാനാകാത്ത അവസ്ഥയാണ് നിലവിൽ മേപ്പാടിയിലുള്ളത്.
സാധ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യുമന്ത്രി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ അടക്കം വലിയ ജനവാസ മേഖലയിൽ ആണ് ദുരന്തം ഉണ്ടായത് എന്നതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെയും വിലയിരുത്തൽ. രണ്ട് ജനപ്രതിനിധികൾ അടക്കം പ്രദേശത്ത് അകപ്പെട്ട് പോയിട്ടുള്ളതായും സൂചനയുണ്ട്.
നാൽപ്പതോളം പേരാണ് പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തകരിൽ ഒരു സംഘം പ്രദേശത്ത് എത്തിപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷമാണ് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായതായി വിവരം കിട്ടിയത്.