ആശുപത്രി വിട്ട് ആറാം ദിവസം രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്
തിരുവനന്തപുരം: പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ട് ആറാം ദിവസം രാജവെമ്പാലയെ പിടികൂടി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് കോട്ടമന്‍പറയിലെ സൂസമ്മ ആഞ്ഞിലിമൂട്ടില്‍ ഹൗസില്‍ നിന്നാണ് വാവ സുരേഷ് രാജവെമ്പാലയെ പിടികൂടിയത്. ഇതോടെ വാവ സുരേഷ് പിടികൂടിയ രാജവെമ്പാലയുടെ എണ്ണം 181 ആയി.
അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ പാമ്പുപിടിത്തത്തില്‍ സജീവമായിരുന്നു. തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്ന് ഡിസ്ചാര്‍ജ് ആയി പിറ്റേ ദിവസം വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരിന്നു.
കഴിഞ്ഞ ആഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറില്‍ നിന്നു പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. കേന്ദ്രമന്ത്രി വി. മുരളീധരനടക്കം വാവയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയാല്‍ വീണ്ടും കര്‍മ്മ മേഖലയില്‍ സജീവമാകുമെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു.