‘സ്വര്‍ണ്ണ മൂര്‍ഖനെ’ പിടികൂടി വാവ സുരേഷ്; വീഡിയോ വൈറല്‍
തിരുവനന്തപുരം: സ്വര്‍ണ്ണ നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്പത്തെ ഒരു വീടിനു സമീപത്തു നിന്നുമാണ് സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖനെ പിടികൂടിയത്. ഗോള്‍ഡന്‍ കോബ്ര എന്നറിയപ്പെടുന്ന ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെണ്‍ മൂര്‍ഖന്‍ പാമ്പാണിത്. 10 വയസ് പ്രായം വരും.
പിടികൂടിയ പാമ്പിന്റെ ശരീരത്തില്‍ മുഴകളുണ്ടായിരുന്നു. ഇതിലൊരെണ്ണം പൊട്ടിയ നിലയിലായിരുന്നുവെന്നും എന്നാല്‍ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രണ്ട് ദിവസം മുന്‍പു സ്വര്‍ണ്ണ നിറത്തിലുള്ള പാമ്പിനെ കണ്ടതായി വീട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വാവ സുരേഷ് എത്തി മൂര്‍ഖനെ പിടികൂടുകയായിരിന്നു. വാവ സുരേഷ് പിടികൂടുന്ന മൂന്നാമത്തെ സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പാണിത്.