കോട്ടയം: വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് പാമ്പുപിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് തീരുമാനിച്ചത്. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നത്. മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയുമെന്നും ട്വന്റിഫോര്‍ ചാനലിന്റെ ജനകീയ കോടതിയില്‍ വാവ സുരേഷ് വെളിപ്പെടുത്തി.
ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പകളെ പിടികൂടിയ ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നത്. അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങള്‍ സുരേഷിനെതിരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണെന്നും വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പാമ്പുപിടുത്തത്തില്‍ നിന്നും പിന്മാറാന്‍ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ലെന്നും വാവ സുരേഷ് പറഞ്ഞു.