തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട വട്ടിയൂര്‍ക്കാവില്‍ അനിശ്ചിതത്വം തുടരുന്നു. സിറ്റിംഗ് എം.ല്‍.എയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വടകര മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്.
എന്നാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് അന്നത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് വട്ടിയൂര്‍ക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുന്നത്. കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കെ.മുരളീധരന്‍ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസില്‍ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.
ആദ്യം ഹൈക്കോടതിയിലാണ് കുമ്മനം ഹര്‍ജി നല്‍കിയിരുന്നത്. ഇതിനെതിരെ കെ. മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.