KeralaNews

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച അതേദിനത്തില്‍ മകന് ദാരുണമരണം; കണ്ണീരായി ആഷ്മിനും

വാണിമേല്‍: 10 വര്‍ഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തില്‍ മകന് ദാരുണമരണം. വിലങ്ങാട് പുഴയില്‍ ഹൃദ്വിന്‍, ബന്ധുവായ ആലപ്പാട്ട് ആഷ്മിന്‍ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂര്‍ കയത്തില്‍ മുങ്ങിമരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിച്ചു. വിലങ്ങാട് പരേതനായ കൂവത്തോട്ട് പേപ്പച്ചന്റെയും മെര്‍ലിയുടെയും മകനാണ് ഹ്യദ്വിന്‍ (21). മെര്‍ലിയുടെ സഹോദരി മഞ്ജുവിന്റെയും ആലപ്പാട്ട് സാബുവിന്റെയും മകളാണ് ആഷ്മിന്‍ (14).

ബംഗളൂരുവില്‍ നിന്നും വിഷു-ഈസ്റ്റര്‍ അവധി ആഘോഷിക്കാനായി വിലങ്ങാടുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും. ഇതിനിടെയാണ് അപകടമുണ്ടായത്. പത്തുവര്‍ഷംമുമ്പ് ഏപ്രില്‍ 16-നാണ് ഹൃദ്വിന്റെ അച്ഛന്‍ കൂവത്തോട്ട് പേപ്പച്ചന്‍ ഹൃദായാഘാതംമൂലം മരിച്ചത്. പിതാവിന്റെ മരണശേഷമാണ് ഹൃദ്വിന്റെ കുടുംബം ബംഗളൂരുവിലേക്ക് താമസംമാറ്റിയത്. സ്‌കൂള്‍, കോളേജ് പഠനകാലത്ത് മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ഹൃദ്വിന്‍.

രാവിലെ പതിനൊന്നോടെ വിലങ്ങാട് അങ്ങാടിക്കടുത്തെ പമ്പ് ഹൗസിന് സമീപത്തെ കൂടല്ലൂര്‍ കയത്തിലാണ് അപകടം. ഇതിനുസമീപം താമസിക്കുന്ന മാതൃസഹോദരി മഞ്ജുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഹൃദ്വിനും ഹൃദ്യയും. അരിവരും ആഷ്മിനൊപ്പം കുളിക്കാനിറങ്ങുന്നതിനിടയില്‍ കാല്‍വഴുതി കയത്തില്‍ പോയതാണെന്ന് സംശയിക്കുന്നു. തടയണ കെട്ടിയതിനാല്‍ മൂന്നാള്‍ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഹൃദ്വിന്റെ അമ്മ മെര്‍ലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആദ്യം ആഷ്മിനെയും പിന്നീട് ഹൃദ്യയെയും കരക്കെത്തിച്ചു. പിന്നീടാണ് ഒരാള്‍കൂടി വെള്ളത്തിലുണ്ടെന്ന് അറിഞ്ഞത്. തടയണയില്‍നിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹൃദ്വിനെ കരക്കെത്തിച്ചത്. കരക്കെത്തിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. ബാംഗ്ലൂരില്‍ സിഎ വിദ്യാര്‍ത്ഥിയാണ് ഹൃദ്വിന്‍. വിലങ്ങാട് സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ആഷ്മിന്‍. അമീഷ, എയ്മിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് വിലങ്ങാട് സെയ്ന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.

വിലങ്ങാട് വാണിമേല്‍പ്പുഴയും നരിപ്പറ്റ പഞ്ചായത്തിന്റെ വാളൂക്കുപുഴയും സംഗമിക്കുന്ന കൂടല്ലൂര്‍ കയത്തിലാണ് അപകടമുണ്ടായത്. വാണിമേല്‍പ്പുഴയുടെ വിവിധ ഭാഗങ്ങളിലെ കയങ്ങള്‍ നിരന്തരം അപകടം വിതയ്ക്കുന്നുണ്ട്. കുളിക്കാനിറങ്ങിയതിനിടെ കയത്തില്‍ പെട്ടാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. വിലങ്ങാട് പമ്പ്ഹൗസിനടുത്തുവെച്ച് ബഹളം കേട്ടതോടെ വിലങ്ങാട് അങ്ങാടിയില്‍നിന്ന് ആളുകള്‍ കുതിച്ചെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബിനോയ് തോമസ് ചിലമ്പിക്കുന്നേല്‍, ബിനീഷ് എബ്രഹാം നാഗതിങ്കല്‍, സോയൂസ് പുളിക്കല്‍, ലിബിന്‍ പുത്തന്‍പുരയില്‍, കെഎന്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം, വള്ളത്തില്‍ മുങ്ങി പൊങ്ങിയ ആഷ്മിനെ കരയ്ക്കെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നു. കിലോമീറ്ററുകള്‍ അകലെയുളള കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. വാണിമേല്‍ പരിസരത്ത് മതിയായ ചികിത്സാസൗകര്യമുണ്ടായിരുന്നുവെങ്കില്‍ കൃത്യസമയത്ത് കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ വടകര ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വനജ, സ്ഥിരംസമിതി ചെയര്‍മാന്‍ ഷാജു പ്ലാക്കല്‍, മെമ്പര്‍ അല്‍ഫോണ്‍സാ റോബിന്‍, സിപിഎം ഏരിയാ സെക്രട്ടറി പിപി ചാത്തു, വിലങ്ങാട് ലോക്കല്‍ സെക്രട്ടറി എന്‍പി വാസു, കെപി രാജീവന്‍ എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. കെ മുരളീധരന്‍ എംപി, കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button