തൊടുപുഴ: വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി തസ്തിക സൃഷ്ടിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്രയും വേഗം അംഗീകരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആവശ്യാനുസരണം നിയോഗിക്കണം. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. നിലവിലുള്ള ഡോക്ടര്‍മാരുടെ സേവനം എല്ലായ്‌പ്പോഴും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതിക്ക് ഇടയില്ലാത്ത വിധത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
പട്ടിക വിഭാഗക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ഏക ആശ്രയമാണ് വണ്ടിപെരിയാര്‍ ആശുപത്രി. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ 2018 ജൂണ്‍ 23 ന് രാത്രിയില്‍ ആശുപത്രിയിലെത്തിയ രോഗി മരിച്ചു. മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് പി എ ഹസീബും സജി പി വര്‍ഗീസും നല്‍കിയ പരാതികളിലാണ് നടപടി.
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ഐപി. വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോള്‍ ഡ്യൂട്ടി സംവിധാനത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 2 ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ഒരു ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നേഴ്‌സിന്റെയും തസ്തികകളില്‍ മാത്രമാണ് ഒഴിവുള്ളത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 3 ഡോക്ടര്‍മാരുടെ തസ്തിക മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തസ്തിക സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
എന്നാല്‍ ഐപി. പ്രവര്‍ത്തനം ഉണ്ടെങ്കിലും രാത്രി 9 ന് ശേഷം എത്തുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കാറില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. പരാതിക്കാര്‍ ഹാജരാക്കിയ പത്ര കട്ടിങ്ങുകളില്‍ നിന്നും പരാതികള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആമ്പുലന്‍സ് വര്‍ക്ക്‌ഷോപ്പിലാണ്. മറ്റ് ആശുപത്രികളില്‍ രോഗികളെ എത്തിക്കണമെങ്കില്‍ വാഹനം സ്വയം കണ്ടെത്തണം. പ്രാഥമികാരോഗ്യകേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി മാറ്റിയെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചില്ല. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രണ്ടാം ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ലെന്ന് പത്ര വാര്‍ത്തകളില്‍ പറയുന്നു. ദിവസേനെ 600 പേര്‍ ഒ പിയിലെത്തുന്ന ആശുപത്രിയാണ് ഇത്. 100 മൈനര്‍ ശസ്ത്രക്രിയകള്‍ ദിവസവും നടക്കുന്നുണ്ട്. 300ലധികം ലാബ് പരിശോധനകള്‍ ദിവസവും നടക്കുന്നുണ്ട് .
വാഹനാപകടങ്ങള്‍ സ്ഥിരമായി നടക്കുന്ന ഹൈറേഞ്ച് പാത ആയതിനാല്‍ ആശുപത്രി വികസിക്കേണ്ടത് ജനക്ഷേമത്തിന് അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. രണ്ടാം ബ്ലോക്ക് പണി കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തതിന്റെ കാരണം എന്താണെന്നും കമ്മീഷന്‍ ചോദിച്ചു. തോട്ടം മേഖലയിലെ സാധാരണകാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രയോജനപ്രദമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഉത്തരവ് അയച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ ഡയറക്ടര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചു.