പാലക്കാട്: സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. രണ്ട് പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളുവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വര്‍ഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും അമ്മ പറഞ്ഞു. ഡിവൈഎസ്പി സോജനെതിരെ നടപടിയെടുത്തേ തീരൂവെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
വാളയാറില്‍ നീതി തേടിയുള്ള അമ്മയുടെ സത്യഗ്രഹസമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കോടതി നിയന്ത്രണത്തില്‍ കേസ് പുനരന്വേഷിക്കുക,കേസ് അട്ടിമറിച്ചെന്ന് കുടുംബം ആരോപിക്കുന്ന ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടി പിന്‍വലിക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍. നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് അമ്മയുടെ നിലപാട്.
കോടതിയിലുള്ള കേസില്‍ കുടുംബം ആവശ്യപ്പെടുന്ന പുനരന്വേഷണം എന്ന നിലപാടിനൊപ്പം തന്നെയാണ് സര്‍ക്കാരെന്ന് ഇന്നലെ മന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു.ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന സത്യാഗ്രഹ സമരം 31നാണ് അവസാനിക്കുക. തുടര്‍സമരങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് വാളയാര്‍ സമരസമിതിയും പറയുന്നത്.